ഫൺ വണ്ടർ, ത്രില്ലർ; വില്ലേജുകാർക്കിതു മധുരപ്രതികാരം
1587986
Sunday, August 31, 2025 2:48 AM IST
മങ്കൊമ്പ് : കഴിഞ്ഞ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിക്കുശേഷം നിറഞ്ഞ കണ്ണുകളോടെയാണ് കൈനകരി വില്ലേജ് ബോട്ട് ക്ലബ് താരങ്ങൾ പുന്നമടക്കായൽ വിട്ടത്. ചുണ്ടിനും കപ്പിനുമിടയിലാണ് അന്നവർക്ക് വള്ളംകളിയിലെ ഓസ്കർ ആയ നെഹൃട്രോഫി നഷ്ടമായത്.
അന്നു കൈനകരിയെന്ന ഗ്രാമമൊന്നാകെ താരങ്ങൾക്കൊപ്പം കണ്ണീരൊഴുക്കിയിരുന്നു. പക്ഷേ, അന്നു വില്ലേജ് ബോട്ട് ക്ലബ് താരങ്ങളും, നാട്ടുകാരും ഒരു തീരുമാനമെടുത്തിരുന്നു. പുന്നമടക്കായലിൽ ഇനിയൊരു ജലപ്പൂരം നടന്നാൽ അന്നു ട്രോഫി തങ്ങൾ കൈനകരിയിലെത്തിച്ചിരിക്കുമെന്ന്. ആ ദൃഢനിശ്ചയമാണ് യാഥാർഥ്യമായിരിക്കുന്നത്.
വില്ലേജ് ബോട്ട് ക്ലബ് ഇതാദ്യമായല്ല നെഹ്റു ട്രോഫി തങ്ങളുടെ നാട്ടിലെത്തിക്കുന്നത്. 1986, 87 വർഷങ്ങളിലും ടീം ട്രോഫിയിൽ മുത്തമിട്ടിരുന്നു. സണ്ണി അക്കരക്കളമാണ് അന്നു ടീം ക്ലബിനെ നയിച്ചിരുന്നത്.
പിന്നീട് പല വർഷങ്ങളിലും വില്ലേജ് ബോട്ട് ക്ലബ് നെഹ്റു ട്രോഫിയിൽ മത്സരിക്കാനെത്തിയിരുന്നെങ്കിലും വിജയം കൈപ്പിടിയിലാക്കാനായിരുന്നില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ടീം പരിശീലനം നടത്തിയിരുന്നത്. പക്ഷേ, ഒരു നാടു മുഴുവൻ കട്ടയ്ക്കു കൂടെനിന്നതോടെ പരാധീനതകൾ വഴിമാറി. വള്ളംകളിക്കു അന്യമായിക്കൊണ്ടിരിക്കുന്ന ഒരു നാടിന്റെ ഒത്തൊരുമ ഇന്നും കാത്തുസൂക്ഷിക്കുന്ന അപൂർവം ക്ലബുകളിലൊന്നാണിത്.
നാട്ടിലെ കുട്ടികൾ മുതൽ വയോധികർ വരെ ക്ലബിനായി പ്രാർഥനയോടെ കഴിയുകയായിരുന്നു, കഴിഞ്ഞ ഒരുമാസത്തിലേറെയായി. ഇവരുടെ പ്രാർഥനകൾക്കും പരിശ്രമങ്ങൾക്കുമാണ് വെള്ളിക്കപ്പിലൂടെ താരങ്ങൾ മറുപടി കൊടുത്തത്.
കൈനകരിക്കിന്നലെ ആഘോഷത്തിമർപ്പിന്റെ രാവായിരുന്നു. കാലങ്ങളുടെ കാത്തിരിപ്പിനു ഫലംകണ്ടതിന്റെ ആഹ്ളാദത്തിലായിരുന്നു നാട്ടുകാർ.
മഴ നനഞ്ഞ് ചുണ്ടൻ ഒന്നാം ഹീറ്റ്സ്
ആലപ്പുഴ: ചുണ്ടൻവള്ളങ്ങളുടെ മത്സരത്തോടെ തുള്ളികുത്തി പെയ്യും മഴയായി. അതുവരെയും മേഘാവൃതമെങ്കിലും രാവിലെ മത്സരങ്ങൾ തുടങ്ങുമ്പോൾ മഴ പെയ്തതുപോലെ ചുണ്ടൻ വള്ളങ്ങളുടെ മത്സരാരംഭത്തിലും മഴയായി. ആദ്യ ഹീറ്റ്സ് കഴിഞ്ഞതോടെ സ്വിച്ചിട്ടപോലെ മഴ നിന്നു. കാണികൾക്കും കളിക്കാർക്കും ഒപ്പം മഴയും ആർത്തലച്ചു സന്തോഷം പങ്കുവച്ച പ്രതീതി.