ഫിനിഷിംഗ് പോയിന്റില്‍ സ്ഥിരം പവലിയന് നിര്‍മിക്കും: മന്ത്രി
1587729
Friday, August 29, 2025 11:44 PM IST
ആലപ്പുഴ: നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റില്‍ അടുത്ത വര്‍ഷം സ്ഥിരം പവലിയന് നിര്‍മിക്കുമെന്നു മന്ത്രി എം.ബി. രാജേഷ്. ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ച നെഹ്റു ട്രോഫി ഫുട്ട് ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെഹ്റു ട്രോഫി വാര്‍ഡിലെ ജനങ്ങളുടെ യാത്രാദുരിതം അവസാനിച്ചതായും 3.5 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
വൃത്തി ശീലിക്കണം
ടൂറിസം വികസനത്തിനും സാധ്യതയ്ക്കും അനുയോജ്യമായ തരത്തിലാണ് ആലപ്പുഴയില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നത്. ഇതിലൂടെ ജനങ്ങള്‍ക്കു വരുമാനവും തൊഴിലും ഉറപ്പുവരുത്താനാകും. നല്ല റോഡ്, നല്ല പാലം,നല്ല ആശുപത്രി, നല്ല സ്കൂള്‍ കെട്ടിടം വേണം എന്ന കാര്യത്തില്‍ നമുക്കു നിര്‍ബന്ധമുണ്ട്. എന്നാല്‍, നല്ല വൃത്തി വേണം എന്ന കാര്യത്തില്‍ നിര്‍ബന്ധമില്ല. ആവശ്യം കഴിഞ്ഞ് സാധനങ്ങള്‍ വലിച്ചെറിയുന്ന ശീലമുണ്ട്. ഈ അപരിഷ്കൃത സ്വഭാവം ഉപേക്ഷിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി പകര്‍ന്നു പിടിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ ഡെങ്കി ഹോട്ട് സ്പോട്ടുകളെല്ലാം വൃത്തിഹീനങ്ങളായിരുന്നു.
ഹരിത ഒാണം
ഇത്തവണത്തെ ഓണം പ്ലാസ്റ്റിക് ഒഴിവാക്കി ഹരിത ഓണമാണ്. ഇത്തവണത്തെ മഹാബലി പഴയ മഹാബലി അല്ല. വൃത്തിയുടെ ചക്രവര്‍ത്തിയാണ്. ഓണം കൂടുതല്‍ മാലിന്യം സൃഷ്ടിക്കാതെ ശ്രദ്ധിക്കണം- മന്ത്രി പറഞ്ഞു.
പി.പി. ചിത്തരഞ്ജന് എം എല്‍ എ അധ്യക്ഷത വഹിച്ചു. എച്ച്. സലാം എംഎല്‍എ മുഖ്യാതിഥിയായി. മുനിസിപ്പല്‍ എന്‍ജിനിയര്‍ ഷിബു എല്‍ നാല്‍പ്പാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.എസ്. എം. ഹുസൈന്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ എം.ആര്. പ്രൈം, എസ്. കവിത, നസീര്‍ പുന്നക്കല്‍, കൗണ്‍സിലര്‍മാരായ അമ്പിളി അരവിന്ദ്, പി. രതീഷ്, സലീം മുല്ലാത്ത്, സൗമ്യ രാജ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നടപ്പാലത്തിന്റെ ആകെ നീളം 59.80 മീറ്ററാണ്. 35 മീറ്റര്‍ ആഴത്തില്‍ നിര്‍മിച്ച 20 പൈലുകളില്‍ നിര്‍മിച്ച നടപ്പാലത്തിന് അഞ്ചു മുതല്‍ എട്ടു മീറ്റര്‍ വരെ ഉയരമുണ്ട്.