ആവേശം ചോരാതെ ഹരിത വള്ളംകളി
1587985
Sunday, August 31, 2025 2:48 AM IST
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് പുന്നമട കായലും സമീപ പ്രദേശങ്ങളും മാലിന്യമുക്തമായി സൂക്ഷിക്കാന്‍ ആലപ്പുഴ നഗരസഭ നടത്തിയത് കൃത്യമായ ആസൂത്രണം. നെഹ്റുട്രോഫി ജലോത്സവം ഇക്കുറി പൂര്‍ണമായും ഹരിതചട്ടങ്ങള്‍ പാലിച്ചാണ് സംഘടിപ്പിച്ചത്. വള്ളംകളി ആവേശത്തിനിടയിലും നാടിന്റെ വൃത്തിക്ക് പ്രധാന പ്രാധാന്യം നല്‍കുകയായിരുന്നു ആലപ്പുഴ നഗരസഭയുടെ ലക്ഷ്യം.
താത്കാലിക പാലം മുതല്‍ പുന്നമട സ്റ്റാര്‍ട്ടിംഗ് പോയിന്റ് വരെയും കെഎസ്ആര്‍ടിസിക്കു കിഴക്കുവശവും ഗ്രീന്‍ സോണ്‍ ആയി പ്രഖ്യാപിച്ചു. ഗ്രീന്‍ സോണില്‍ ഒരു തരത്തിലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളും അനുവദിച്ചില്ല. ഗ്രീന്‍ സോണില്‍ വള്ളംകളി കാണാന്‍ എത്തുന്നവര്‍ ഗ്രീന്‍ ചെക്ക് പോസ്റ്റ് വഴിയാണ് നെഹ്റു പവലിയനില്‍ പ്രവേശിച്ചത്.
യാതൊരുവിധ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ഉള്ളില്‍ കടക്കാതിരിക്കാന്‍ ഗ്രീന്‍ ചെക്ക് പോസ്റ്റില്‍ നില്ക്കുന്ന നഗരസഭ ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും സദാസമയം നിരീക്ഷിച്ചു. വാട്ടര്‍ ബോട്ടിലുകളും, വലിച്ചെറിയപ്പെടാവുന്ന ഭക്ഷണ പായ്ക്കറ്റുകളും ഇവിടെ പൂര്‍ണമായും നിരോധിക്കുകയും ചെയ്തു. കുടുംബാംഗങ്ങളുമായി എത്തിയവര്‍ക്ക് ഇതില്‍ ചെറിയ ഇളവു നല്കി. ഇവര്‍ക്ക് ഗ്രീന്‍ ചെക്ക് പോസ്റ്റില്‍ 20 രൂപ അടച്ച് സ്റ്റിക്കര്‍ പതിച്ചു നല്കി. തിരികെവന്ന് സ്റ്റിക്കര്‍ അടങ്ങുന്ന ബോട്ടിലോ, ഫുഡ് പാക്കറ്റോ ഏല്‍പ്പിച്ചവര്‍ക്ക് 20 രൂപ തിരികെ നല്കി.
ഗ്രീന്‍ ചെക്ക് പോസ്റ്റില്‍ ആലപ്പുഴ നഗരസഭയും ജില്ലാ ശുചിത്വമിഷനും ചേര്‍ന്ന് പ്ലാസ്റ്റിക് ബാഗില്‍ ഫുഡ് പാക്കറ്റുകളും പേഴ്സ് മുതലായ അവശ്യവസ്തുക്കള്‍ കൊണ്ടുവന്നവര്‍ക്ക് നല്‍കാനായി തുണി സഞ്ചികളും സജ്ജമാക്കിയിരുന്നു. പവലിയനിലും ഗ്യാലറിയിലും കായല്‍ തീരത്തും ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പു വരുത്തുന്നതിനായി 500 ല്‍ അധികം ഗ്രീന്‍ വോളണ്ടിയര്‍മാരെയാണ് നിയോഗിച്ചത്. ഗ്രീന്‍ സോണുകളില്‍ 20 മീറ്റര്‍ അകലത്തില്‍ ബോട്ടില്‍ ബിന്നുകളും നെഹ്റു പവലിയനില്‍ ഗ്ലാസ് ബോട്ടിലും മറ്റ് ഇടങ്ങളില്‍ വാട്ടര്‍ കിയോസ്ക്കുകളും സ്ഥാപിച്ചു.