തൊഴിലാളിയുടെ കൂലി മേലോട്ട്, കർഷകന് വരുമാനം താഴോട്ട്
1588264
Sunday, August 31, 2025 11:53 PM IST
ചമ്പക്കുളം: കുട്ടനാട്ടിൽ ഇത് രണ്ടാം കൃഷിയുടെ കാലം. പല കാരണങ്ങൾ കൊണ്ടും രണ്ടാം കൃഷി ഉപേക്ഷിച്ചവർ പുഞ്ച കൃഷിയുടെ ഒരുക്കത്തിലാണ്. എന്നാൽ, കാർഷിക മേഖലയിലെ കൂലി സാധാരണ കർഷകർക്ക് താങ്ങാനാവാത്തവിധം അവന്റെ കൃഷിച്ചെലവ് വർധിപ്പിച്ചിരിക്കുന്നു.
കുട്ടനാട്ടിലെ കാർഷിക മേഖലയിൽ ജോലി ചെയ്യുന്ന കർഷകത്തൊഴിലാളികളുടെ കൂലി കാലാകാലങ്ങളിൽ കൂട്ടിനല്ക്കാൻ വേണ്ടപ്പെട്ടവർ താത്പര്യം കാട്ടുന്നത് അഭിനന്ദനാർഹമാണ്. ഏറ്റവും അവസാനമായി കാർഷിക മേഖലയിലെ വർധിപ്പിച്ച കൂലി പ്രകാരം പുരുഷ തൊഴിലാളിക്ക് 1100 രൂപയും സ്ത്രീ തൊഴിലാളിക്ക് 650 രൂപയുമാണ്.
ഇന്നത്തെ വിലസൂചികയുടെ അടിസ്ഥാനത്തിൽ ഇത് ഒരു അമിതകൂലി അല്ല എന്നതാണ് വാസ്തവം. 1975ൽ കുട്ടനാട്ടിൽ ഒരു പുരുഷ തൊഴിലാളിക്ക് 10-15 രൂപ വരെ ആയിരുന്നു. 1975ൽ ഒരുപറ നെല്ലിന് കിട്ടിയിരുന്ന ഏകദേശവില ഏഴു രൂപയായിരുന്നു. ഇന്നത്തെ നെല്ലുവില അടിസ്ഥാനപ്പെടുത്തിയാൽ ഒരുപറ നെല്ലിന് (ഒരു പറ= 6 കിലോ) കിട്ടുന്ന വില 168 രൂപയാണ്. അതായത് ഒരു പുരുഷ തൊഴിലാളിയുടെ കൂലി 15 രൂപയിൽനിന്നു 1100 ലേക്കു മാറുകയും സ്ത്രീ തൊഴിലാളിയുടേത് ഏഴു രൂപയിൽനിന്നു 650ലേക്ക് ഉയരുകയും ചെയ്തപ്പോൾ നെല്ലുവില ഏഴു രൂപയിൽനിന്ന് വെറും 168 രൂപ മാത്രമായിട്ടാണ് ഉയർന്നിട്ടുള്ളത്.
സഹായധനം
കുറച്ചു
പുരുഷ തൊഴിലാളിയുടെ കൂലി 73 ഇരട്ടിയും സ്ത്രീ തൊഴിലാളിയുടേത് 92 ഇരട്ടിയും വർധിച്ചപ്പോൾ നെല്ലുവില വർധിച്ചത് 28 ഇരട്ടി മാത്രമാണ്. അതായത് കർഷകന്റെ കൂലിച്ചെലവ് നെല്ലുവിലയുടെ പതിൻമടങ്ങായിട്ട് വർധിച്ചു. അതുപോലെ തന്നെ മറ്റ് കൃഷിച്ചെലവുകളും. കാർഷിക മേഖലയിൽ ചുമട്ടു കൂലിയും കർഷകത്തൊഴിലാളികളുടെ കൂലിയും വർധിപ്പിക്കുന്നതിന് ഒപ്പവും ആനുപാതികമായും നെല്ലുവിലയും വർധിപ്പിക്കുന്ന ഒരുരീതി നടപ്പിൽ വരുത്തണം.
പലവർഷങ്ങളായി നെല്ലിന്റെ താങ്ങുവില കേന്ദ്രസർക്കാർ വർധിപ്പിക്കുന്നതനുസരിച്ച് സംസ്ഥാന സർക്കാർ നല്കുന്ന സഹായധനം കുറച്ച് കൊണ്ടുവരുന്നതിനാൽ കഴിഞ്ഞ ആറു വർഷമായി നെല്ലുവിലയിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാൽ, ഒന്നിലധികം തവണ തൊഴിലാളികളുടെ കൂലി വർധിപ്പിക്കുകയും ചെയ്തു.
യാതൊരു മാനദണ്ഡവും പാലിക്കാതെ ഉത്തരവാദിത്വപ്പെട്ടവർ കൂലി കൂട്ടാൻ വേണ്ട തീരുമാനം എടുക്കുമ്പോൾ എന്തേ ആനുപാതികമായി നെല്ലുവില ഉയർത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നില്ല എന്നതാണ് കർകർ ഉന്നയിക്കുന്ന ആക്ഷേപം. തൊഴിലാളിയുടെ മാത്രം ജീവിതനിലവാരം ഉയർത്തിയാൽ മതിയോ?
കാര്യം ഓർക്കണം
ഈ ചോദ്യം കർഷകർ ഉയർത്താൻ തുടങ്ങിയിട്ട് നാളേറെയായി. കൃഷി ഉണ്ടെങ്കിലേ തൊഴിലാളികളെ ആവശ്യം വരൂ എന്ന കാര്യം ഓർക്കണം. കഴിഞ്ഞ പല വർഷങ്ങളായും നെല്ലുവില സ്ഥിരമായി നില്ക്കുമ്പോൾ തൊഴിലാളിയുടെ കൂലി വർധിപ്പിക്കാൻ ശ്രമിക്കുന്നവർ സത്യത്തിൽ തൊഴിലാളികളുടെയും കർഷകരുടെയും ശത്രുക്കളാണ് എന്ന് മനസിലാക്കണം. അന്യായമായി കൂലി കൂട്ടുമ്പോൾ ആനുപാതികമായി നെല്ലുവില കൂടുന്നില്ലെങ്കിൽ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വെട്ടിച്ചുരുക്കാൻ കർഷകർ നിർബന്ധിതരാകുന്നു.
കർഷകത്തൊഴിലാളികളുടെ കൂലിയെക്കാൾ അധികം ഭാരം കർഷകനിൽ വരുത്തിവയ്ക്കുന്നത് അന്യായമായ നെല്ല് ചുമട്ട് കൂലിയാണ്. മറ്റ് ഒരു മേഖലയിലും നിലവിലില്ലാത്ത കിന്റലിന് 120 മുതൽ 140 വരെ കൂലി നല്കാൻ വിധിക്കപ്പെട്ട നെൽകർഷകന്റെ ദുരിതത്തിന് ആക്കം കൂട്ടുന്ന ചുമട്ടുകൂലിക്കാര്യത്തിൽ ഒരു പുനർചിന്ത വേണ്ടിയിരിക്കുന്നു.
ഭൂമിതരം മാറ്റത്തിലൂടെ ലഭിക്കുന്ന ഫണ്ട് നെൽകർഷക സംരക്ഷണത്തിനുവേണ്ടി വിനിയോഗിക്കും എന്നു പറഞ്ഞ സർക്കാർ എന്തേ കോടികൾ ഈ വഴിക്ക് ലഭിച്ചിട്ടും നെല്ലുവിലവർധിപ്പിച്ച് നല്കാനോ, കർഷകർക്ക് മറ്റ് ആനുകൂല്യങ്ങൾ നല്കാനോ ശ്രമിക്കുന്നില്ല. തൊഴിലാളി വർഗം സംഘടിതരും കർഷകർ അസംഘടിതരുമായി നിലനില്ക്കുന്നതിന്റെ ഒരു പരിണിത ഫലം കൂടിയാണ് നെല്ല് വില കൂടാതെ കൂലി കൃത്യമായ ഇടവേളകളിൽ കൂടുന്നത്. ഇതിന് മാറ്റം വരണമെന്ന് കർഷകർ ആവശ ്യപ്പെടുന്നു. കൂലിക്കൊപ്പം അല്ലെങ്കിലും ന്യായമായ നിരക്കിലെങ്കിലും നെല്ലുവില കൂടണം എന്നാണ് കർഷകരുടെ ആഗ്രഹം.