മാന്നാർ മഹാത്മാഗാന്ധി ജലോത്സവം ഇന്ന്
1588270
Sunday, August 31, 2025 11:53 PM IST
മാന്നാർ: മാന്നാർ മഹാത്മാഗാന്ധി ജലോത്സവം ഇന്ന് രണ്ടിന് പമ്പാനദിയിലെ മാന്നാർ കുര്യത്ത് കടവിലുള്ള മഹാത്മാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. ദേശീയ നേതാക്കൾ, സംസ്ഥാന മന്ത്രിമാർ, ചലച്ചിത്രതാരങ്ങൾ, എംപിമാർ, എംഎൽഎമാർ, വിദേശ പൗരന്മാർ ഉൾപ്പെടെ പതിനായിരങ്ങൾ ജലമേള കാണാൻ എത്തിച്ചേരും. 12 ചുണ്ടൻ വള്ളങ്ങളും ഒൻപത് വെപ്പുവള്ളങ്ങളും ഉൾപ്പെടെ 50ൽപരം കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ അഡ്വ. എൻ. ഷൈലാജും ജനറൽ സെക്രട്ടറി ടി.കെ. ഷാജഹാനും അറിയിച്ചു.
നെട്ടയത്തിലെ വലിയ വളവ് ഒഴിവാക്കാൻ 300 മീറ്റർ നീളം കുറച്ച് മുമ്പോട്ട് നീക്കിയാണ് ഇത്തവണ സ്റ്റാർട്ടിംഗ് പോയിന്റ് ഒരുക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വള്ളം ചൂടിക്കുന്നതും ഫൈനലിലെ തർക്കങ്ങൾ ഒഴിവാക്കാനും ഇതുകൊണ്ട് സാധിക്കും. ഒന്നാമത് എത്തുന്ന ചുണ്ടൻ വള്ളത്തിന് മഹാത്മാഗാന്ധി ട്രോഫിയും ഒന്നാമത് എത്തുന്ന എ ഗ്രേഡ് വെപ്പ് വള്ളത്തിന് ഉമ്മൻ ചാണ്ടി മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും. ഇതോടനുബന്ധിച്ച് ഇന്നു രാവിലെ മുതൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
വടംവലി, കസേരകളി, അത്തപ്പൂവിടൽ, വഞ്ചിപ്പാട്ട് എന്നീ മത്സരങ്ങളാണ് നടത്തുക. മാസ്ഡ്രില്ലിൽ പങ്കെടുക്കാതിരിക്കുകയോ, മത്സരത്തിൽ വള്ളം ചൂടിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ബോണസ് തുകയുടെ 50% വരെ കട്ട് ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.