ഇങ്ങനെയൊരു സിവിൽ സ്റ്റേഷൻ കുട്ടനാട്ടിൽ മാത്രം!
1587982
Sunday, August 31, 2025 2:48 AM IST
മങ്കൊന്പ്: ഇത്രയും അസൗകര്യങ്ങളുള്ള ഒരു മിനി സിവിൽ സ്റ്റേഷൻ കേരളത്തിൽ വേറെയുണ്ടോയെന്നു സംശയം. 2005ൽ ആയിരുന്നു കുട്ടനാട്ടിൽ പുതിയ സിവിൽ സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്തത്.
എന്നാൽ, ഇന്നും പല അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല. ഇതിൽ പ്രവർത്തിക്കുന്ന 18 ഓഫിസുകളിലേക്കു ദിവസേന നൂറു കണക്കിന് ആളുകളാണ് എത്തുന്നത്. പ്രായമായവരും ഭിന്നശേഷി ക്കാരുമുൾപ്പെടെ. എന്നാൽ, റാന്പോ ലിഫ്റ്റോ ഇല്ലാത്തതിനാൽ ഇവർ നട്ടം തിരിയുകയാണ്.
റീസർവേ ഓഫീസിൽ എത്താൻ 72 പടികൾ കയറണം. അതുതന്നെയാണ് കൃഷി അസി. ഡയറക്ടർ ഓഫിസിന്റെയും അവസ്ഥ. പലപ്പോഴും ഇവിടെ എത്തുന്ന ഭിന്നശേഷിക്കാരെ കാണാനും അവരുടെ ആവലാതികൾ കേൾക്കാനും മുകൾ നിലയിൽനിന്നു താഴേക്കിറങ്ങി വരേണ്ട അവസ്ഥയിലാണ് മുകൾ നിലയിലെ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ. ഇതുമൂലം വലിയ സമയനഷ്ടവും അസൗകര്യവുമാണ് അനുഭവപ്പെടുന്നത്.
ഈ കെട്ടിടത്തിലെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരുടെ അവസ്ഥ തികച്ചും ദയനീയം. പരസഹായത്തോടെയാണ് പലരും തങ്ങളുടെ സീറ്റുകളിൽ എത്തുന്നത്.
കയറിയാൽ ഭക്ഷണം കഴിക്കാൻ പോലും താഴേക്ക് ഇറങ്ങാൻ പറ്റാത്ത ദുരവസ്ഥ.
ഭിന്നശേഷി സൗഹൃദമല്ല
നാലു നിലകളിലായി നിർമിച്ചതാണ് കെട്ടിടം. താഴത്തെ നിലയിലെ കുട്ടനാട് താലൂക്ക് ഓഫീസിൽ എത്തുന്നതിനു പോലും ഭിന്നശേഷിക്കാരൻ നിരവധി പടികൾ കയറണം. സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റാമ്പ് സൗകര്യം ഒരുക്കണമെന്നു വ്യവസ്ഥ ഉണ്ടായിരിക്കെ കുട്ടനാട് മിനി സിവിൽ സ്റ്റേഷന് ഇതു ബാധകമായിട്ടില്ല.
ഓരോ മാസവും കൂടുന്ന താലൂക്കുതല വികസന സമിതി യോഗത്തിൽ റാമ്പ് നിർമാണം അജൻഡയായി ചർച്ച ചെയ്യാറുണ്ടെങ്കിലും നടപ്പായിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗമാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത്.
കുട്ടനാടിന് എന്തിനാ ലിഫ്റ്റ്!
ഈ കെട്ടിടം നിർമിച്ചപ്പോൾത്തന്നെ ലിഫ്റ്റ് നിർമിക്കാനുള്ള ക്രമീകരണം ചെയ്തിരുന്നു. താഴത്തെ നില ഒഴിവാക്കി ബാക്കി മൂന്നു നിലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിലായിരുന്നു ഇവിടെ ലിഫ്റ്റ് മുറികൾ തയാറാക്കിയത്. വിചിത്രമായ ഈ നിർമാണരീതികൊണ്ടാണോ എന്നറിയില്ല ലിഫ്റ്റ് വയ്ക്കുന്നതു നടപ്പായിട്ടില്ല. വെള്ളപ്പൊക്ക ബാധിത പ്രദേശമായതിനാലാണ് താഴത്തെ നില ഒഴിവാക്കിയതെന്നു പറയുന്നുണ്ടെങ്കിലും സാങ്കേതികവിദ്യ വളർച്ച പ്രാപിച്ച ഇക്കാലത്തും ഇത് ഇങ്ങനെതന്നെ നിലനിർത്തിയിരിക്കുന്നതാണ് അദ്ഭുതപ്പെടുത്തുന്നത്.
കോൺഫറൻസ് ഹാൾ ഇല്ല
താലൂക്ക് ഓഫീസ്, ഐസിഡിഎസ് ഓഫീസ്, എംപ്ലോയിമെന്റ് ഓഫീസ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസ്, ലേബർ ഓഫീസ് തുടങ്ങി വിവിധങ്ങളായ ഓഫീസുകൾ ഇവിടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥരുടെ ഒരു മീറ്റിംഗ് നടത്തണമെങ്കിൽ സമീപത്തുള്ള ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തോ നെല്ല് ഗവേഷണകേന്ദ്രമോ കനിയണം. ഇലക്ഷൻ കാലത്തു പല പരീശീലനങ്ങളും മീറ്റിംഗുകളും സംഘടിപ്പിക്കാൻ ഉദ്യോഗസ്ഥർ നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്.
മിനി സിവിൽ സ്റ്റേഷനോടു ചേർന്ന് ഒരു മിനി കോൺഫറൻസ് ഹാൾ നിലവിലുണ്ടായിരുന്നു. കാലപ്പഴക്കം മൂലം പൊളിച്ചുമാറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞു. അതേസമയം, സിവിൽ സ്റ്റേഷൻ കെട്ടിടത്തിനു വടക്കുവശത്തു നിലനില്ക്കുന്ന ഉപയോഗയോഗ്യമല്ലാത്ത കെട്ടിടം പൊളിച്ചുമാറ്റാത്തത് ശല്യമാകുന്നുണ്ട്. ഇവിടം മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്.
അനക്സ് നിർമിക്കണം
മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ മുൻകൈയെടുത്ത അന്നത്തെ എംഎൽഎ ഡോ. കെ.സി. ജോസഫ് വിവിധ സർക്കാർ ഓഫീസുകൾക്കായി മിനി സിവിൽ സ്റ്റേഷനോട് ചേർന്ന് ഒരു അനുബന്ധ ബഹുനില കെട്ടിടവും കൂടി നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, തുടർന്നുവന്ന ജനപ്രതിനിധികൾ ഇക്കാര്യത്തിൽ വേണ്ട താത്പര്യം കാട്ടിയില്ല.
പലതവണയായി പുതുക്കിപ്പണിത മങ്കൊമ്പ് സബ് ട്രഷറി കെട്ടിടം വീണ്ടും വെള്ളക്കെട്ടിലാണ്. ഇതു പുതുക്കിപണിയാനുളള നടപടി നടന്നുവരുന്നു. എന്നാൽ, ചെറിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനു പകരം ഇലക്ഷൻ കാലത്ത് സാമഗ്രികൾ വിതരണം ചെയ്യാനും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം ഉൾപ്പെടെ നിർവഹിക്കാനും പര്യാപ്തമായ വിധത്തിൽ വിശാലമായ ഹാൾ സൗകര്യത്തോടുകൂടിയ ഒരു ആധുനിക ബഹുനില മിനി സിവിൽ സ്റ്റേഷൻ അനക്സ് ആണ് കുട്ടനാടിന് ആവശ്യം.ആവശ്യമായ സ്ഥലം ഇവിടെ ലഭ്യമാണെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ അതിനുള്ള ശ്രമം നടത്തുന്നില്ല.