പട്ടണക്കാട് പഞ്ചായത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് പോര്
1587981
Sunday, August 31, 2025 2:48 AM IST
ചേര്‍ത്തല: ആധുനിക സൗകര്യങ്ങളോടെ പുനര്‍നിര്‍മിച്ച പട്ടണക്കാട് പഞ്ചായത്ത് ഓഫീസ് മന്ദിര ഉദ്ഘാടനം മാറ്റി. 30ന് നിശ്ചയിച്ച ഉദ്ഘാടനം പ്രോട്ടോകോള്‍ ലംഘിച്ചതിന്റെ പേരില്‍ പഞ്ചായത്ത് വകുപ്പ് ഇടപെട്ടാണ് മാറ്റിയത്.
29ന് രാത്രി 9.30നാണ് ചടങ്ങ് മാറ്റാന്‍ സെക്രട്ടറിക്ക് വകുപ്പധികൃതര്‍ കത്തു നല്‍കിയത്. കെ.സി. വേണുഗോപാല്‍ എംപിയെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.
എന്നാല്‍ മന്ത്രിയും സ്ഥലം എംഎല്‍എയുമായ പി. പ്രസാദിനെയും തദ്ദേശ വകുപ്പുമന്ത്രി എം.ബി. രാജേഷിനെയും പങ്കെടുപ്പിക്കാത്തത് ഉയര്‍ത്തി എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്പീക്കറടക്കം ഇടപെട്ട് പരിശോധന നടത്തി പരിപാടി മാറ്റാന്‍ നിര്‍ദേശിച്ചത്.
പഞ്ചായത്തിന്റെ ഒരു കോടി തനതു ഫണ്ട് ഉപയോഗിച്ചാണ് പുതിയ മന്ദിരം നിര്‍മിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലാണ് പഞ്ചായത്ത് ഭരണം.
ജനാധിപത്യ മര്യാദകള്‍ പാലിക്കാതെ ഏകാധിപത്യനടപടിയാണ് പഞ്ചായത്തില്‍ നടത്തുന്നതെന്നു കാട്ടി എല്‍ഡിഎഫ് പഞ്ചായത്തിലേക്കു പ്രകടനവും ധര്‍ണയും നടത്തി.
പഞ്ചായത്തിന്റെ വികസനത്തിനു ചുക്കാന്‍ പിടിക്കുന്ന സര്‍ക്കാരിനെയും വകുപ്പുമന്ത്രിയെയും സ്ഥലം എംഎല്‍എയെ ഒഴിവാക്കി പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന് ആരോപിച്ചായിരുന്നു സമരം. പഞ്ചായത്തിനു മുന്നില്‍ നടത്തിയ ധര്‍ണയില്‍ സി.കെ. മോഹനന് അധ്യക്ഷനായി. ടി.എം. ഷെറിഫ് ഉദ്ഘാടനം ചെയ്തു.
അതേസമയം, പുനര്‍നിര്‍മിച്ച മന്ദിരം ചിങ്ങം ഒന്നിന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ജാസ്മിന് പറയുന്നു. 17ന് മന്ദിര ഉദ്ഘാടനത്തിന് മന്ത്രിയെയും എംപിയെയും സമീപിച്ചിരുന്നതാണ്. ഇരുവര്‍ക്കു എത്താനാകാത്ത സാഹചര്യത്തിലാണ് പ്രസിഡന്റുതന്നെ തിരി തെളിച്ചു പ്രവേശിച്ചത്.
തുടര്‍ന്ന് എംപി 30ന് സമയം അനുവദിച്ചതിനാലാണ് ചടങ്ങായി ഉദ്ഘാടനം നിശ്ചയിച്ചത്. ഇതില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ നിയമപരമായി പരിശോധന നടത്തുമെന്നും ടി.എസ്. ജാസ്മിന് പറഞ്ഞു.
ഇതിനിടയില്‍ പഞ്ചായത്ത് അധികൃതരുടെ തീരുമാനത്തിനെതിരേ ഭരണപക്ഷത്തും അഭിപ്രായ വ്യത്യാസം ഉടലെടുത്തിട്ടുണ്ട്. കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കു കാരണമെന്ന് കോണ്ഗ്രസിനുളളില്നിന്നും ചിലര്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.