ഭാര്യയെയും മക്കളെയും ദുരൂഹ സാഹചര്യത്തിൽ കാണാതായി; യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
1588276
Sunday, August 31, 2025 11:53 PM IST
തിരുവല്ല: നിരണത്തുനിന്നും മക്കള്‍ക്കൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവ് കവിയൂര്‍ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു (32)വിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഞാലിക്കണ്ടത്തെ കുടുംബവീട്ടില്‍ ഞായറാഴ്ച വൈകുന്നേരം 4.30 നാണ് അനീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. റീനയും മക്കളും ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവ് അനീഷ് മാത്യുവിനൊപ്പം ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടകവീട്ടിലാണ് താമസിച്ചുവന്നിരുന്നത്.
രണ്ടാഴ്ച മുന്‍പ് യുവതിയെയും രണ്ടു പെൺകുട്ടികളെയും കാണാതായ വിവരം റീനയുടെ സഹോദരന് റിജോയാണ് പുളിക്കീഴ് പോലീസില്‍ അറിയിച്ചത്. പരാതി നല്‍കിയതിനു പിന്നാലെ അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
നിരണം അഞ്ചാം വാര്‍ഡില്‍ കാടുവെട്ടില്‍ വീട്ടില്‍ റീന കെ. ജയിംസ്, മക്കളായ അക്ഷര (എട്ട്), അല്‍ക്ക (ആറ്) എന്നിവരെയാണ് കാണാതായത്. ഇവരുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ഇവരെ കാണാതായി രണ്ടു ദിവസത്തിനുശേഷമാണ് പോലീസിൽ പരാതി ലഭിക്കുന്നത്. ഇത് അന്വേഷണത്തിന്റെ തുടക്കത്തില്‍ ഏറെ ദുരൂഹതകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ റീനയും മക്കളും എവിടെയോ യാത്രപോകാന്‍ ഉറപ്പിച്ച രീതിയിലാണുളളത്. ഇവരുടെ കൈവശം ബാഗുകളുണ്ട്. ഇവര്‍ക്കായുളള അന്വേഷണം സംസ്ഥാനത്തൊട്ടാകെ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.