പായുന്ന വള്ളങ്ങൾ, നീളുന്ന ആരവങ്ങൾ
1587983
Sunday, August 31, 2025 2:48 AM IST
ആലപ്പുഴ: ചുണ്ടൻവള്ളങ്ങൾക്കൊപ്പം കരകളിലെ ആരവങ്ങളും മുന്നോട്ടുപായും. പുന്നമടയിലെത്തി ആ കാഴ്ച കാണാൻ കഴിയാത്തവർക്കായി കമന്റേറ്റർമാർ വരച്ചിടുന്നത് ഗാലറിയിലും കർണസുഖം. പീപ്പികളുടെയും ആരവങ്ങളുടെയും നടുവിൽ വാശിയേറിയ വള്ളയോട്ടം. അതിൻ്റെ ദൃശ്യവിരുന്ന് വാക്കുകളിലൂടെ പകർന്ന് കമന്റേറ്റർമാർ.
ഡപ്യൂട്ടി കളക്ടറും പുഞ്ചക്കൃഷി സ്പെഷൽ ഓഫിസറുമായിരുന്ന എൻ.പി. ചെല്ലപ്പൻ നായരിൽനിന്നാണു കമന്ററിയെന്ന ആശയം ഓളമിളക്കിയത്. അദ്ദേഹം ആകാശവാണിയിലെ നാടകകൃത്തും റേഡിയോ നാടക അഭിനേതാവുമായിരുന്നു. വള്ളംകളിയുടെ മുഖ്യ സംഘാടകരിൽ ഒരാൾ. ആകാശവാണിയിലെ സുഹൃത്തുക്കളോട് ദൃക്സാക്ഷി വിവരണമെന്ന ആശയം അദ്ദേഹം പങ്കുവച്ചു. കുട്ടനാട്ടുകാരനായ നാഗവള്ളി ആർ.എസ്. കുറുപ്പ് പൂർണ പിന്തുണ നൽകി. അവിടെനിന്നാണു വള്ളംകളി കമന്ററിയെന്ന കലാരൂപത്തിന്റെ തുടക്കം. ഇന്നു ദൃശ്യവിരുന്നൊരുക്കുന്ന കാലത്ത് കമന്ററി കാര്യമല്ലെങ്കിലും പുന്നമടയുടെ ഗാലറികളിൽ അതു വിതയ്ക്കുന്ന ആവേശം ആവശ്യംതന്നെ.
നെഹ്റുവിന് പുഷ്പാർച്ചന, വിഎസിന് ആദരം
ആലപ്പുഴ: നെഹ്റു പ്രതിമയിൽ പുഷ്പാർച്ചന നടത്തിയായിരുന്നു ഉദ്ഘാടനച്ചടങ്ങിന്റെ തുടക്കം. പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എത്തിയതോടെയാണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചത്. നെഹ്റു പവലിയനിലെ ജവഹർലാൽ നെഹ്റുവിന്റെ പൂർണകായ പ്രതിമയ്ക്കു മുന്നിൽ മന്ത്രി പുഷ്പാർച്ചന നടത്തി. തുടർന്നാണ് പതാക ഉയർത്തൽ ചടങ്ങ് മന്ത്രി റിയാസ് നിർവഹിച്ചത്. കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷനായി.
ദീപം തെളിക്കൽ ചടങ്ങിനു മുമ്പ് അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോടുള്ള ആദരസൂചകമായി ഒരു നിമിഷം മൗനാചരണം നടത്തിയായിരുന്നു ഉദ്ഘാടനച്ചടങ്ങിന്റെ ആരംഭം. ദൃശ്യ സജിയും സുമയയും ഈശ്വരപ്രാർഥന നടത്തി.
കർമോത്സുകരായി ഹരിതകർമസേന
ആലപ്പുഴ: ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹരിതകർമസേന പ്രവർത്തകരുടെ പ്രവർത്തനങ്ങൾ പ്രശംസനീയം. വള്ളംകളി കാണാൻ എത്തിയവരുടെ പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് ബാഗ് തുടങ്ങിയവയുടെ ഉപയോഗം കർശനമായി നിയന്ത്രിക്കുന്നതിൽ ഹരിതകർമ സേന വിജയിച്ചു. മുൻ വർഷങ്ങളിൽ വള്ളംകളി കഴിയുമ്പോൾ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പുന്നമടക്കായലിലും കരയിലും മറ്റും ഉണ്ടാകുന്നത്.
എന്നാൽ, ഇത്തവണ ഹരിതകർമ സേനയുടെ ആത്മാർഥമായ പ്രവർത്തനത്തിൽ വള്ളംകളിക്കു ശേഷവും കായലും കായൽക്കരയും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കി സംരക്ഷിക്കാൻ ഹരിതകർമസേനയ്ക്കു സാധിച്ചു. ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ പരിധിയിലെ മുഴുവൻ ഹരിതകർമസേനയും പുന്നമടക്കായലും കായൽക്കരയും മാലിന്യമുക്തമാക്കാൻ അണിനിരന്നു.
ട്രയൽ റൺ കിടുക്കൻ
ആലപ്പുഴ: ഒറ്റക്കൊമ്പൻമാർ വൺ ബൈ വൺ വരുന്നതുപോലെ ട്രയൽ റൺ. മാസ്ഡ്രില്ലിൽ അണിനിരക്കാൻ സ്റ്റാർട്ടിംഗ് പോയിന്റിൽനിന്ന് ഫുൾഫോമിൽ തുഴഞ്ഞുള്ള ഒറ്റയാൻ വരവു കാണേണ്ട കാഴ്ചതന്നെ. മത്സരത്തിനു മുമ്പുള്ള ആ വരവ് ഇടംവലം നോക്കാതുള്ള വരവുതന്നെ. നെഹ്റു പവലിയന്റെ മുനമ്പത്തിരുന്ന് കാണുന്ന കാഴ്ച ജലോപരിതലത്തിലൂടെ ആയിരം ചിറകുള്ള അരയന്നം നീന്തിവരുന്ന പോലെ മനോഹരം. നെഞ്ചിടിക്കുന്ന പോലെയുള്ള ഇടിത്താളത്തിൽ മുഴുകിയുള്ള മുഴങ്ങുന്ന ഹർഷാരവത്തിൽ പുന്നമട പൊൻതിര കായലായി.
ചുണ്ടൻവള്ളങ്ങളുടെ നാലു ട്രാക്കിലൂടെയുള്ള മത്സരയോട്ടത്തിൽ നിറയുന്നത് വാശിയും വീറുംആണെങ്കിൽ മാസ് ഡ്രില്ലിന് മുമ്പുള്ള ഈ മാസ് വരവിൽ മാരിവില്ലിനെ തോല്പിക്കും അഴകിനാണ് പ്രാധാന്യം.
ടയറിൽ കുടുങ്ങി മീഡിയ ബോട്ട്
ആലപ്പുഴ: ബോട്ടിനെ കുടുക്കാൻ കായലിൽ പഴയ ടയറുകളും മാലിന്യങ്ങളും. മാധ്യമപ്രവർത്തകരെയും വഹിച്ചു വന്ന പിആർഡി അറേഞ്ച് ചെയ്തിരുന്ന ബോട്ടിനാണ് പണി കിട്ടിയത്. രണ്ടു പോയിന്റുകളിലാണ് മീഡിയ പ്രവർത്തകരെ എത്തിക്കേണ്ടിയിരുന്നത്. ഫിനിഷിംഗ് പോയിന്റിൽ എത്തിക്കേണ്ടവരെ അവിടെയിറക്കി തിരിച്ച് നെഹ്റു പവലിയനിലേക്ക് ബാക്കി മീഡിയ പ്രവർത്തകരെ എത്തിക്കാൻ ബോട്ട് റിവേഴ്സ് എടുക്കുമ്പോഴാണ് അടിയിൽ പിടിച്ചത്.
ബോട്ടിന് കീഴിലെ പ്രൊപ്പലറിൽ ചവറു പിടിച്ച് സ്റ്റക്കായി. ബോട്ടു മുന്നോട്ടോ പിന്നോട്ടോയില്ല. ഒടുവിൽ മറ്റ് സ്പീഡ് ബോട്ടെത്തിച്ചാണ് മീഡിയ പ്രവർത്തകരെ നെഹ്റു പവലിയനിൽ എത്തിച്ചത്. മത്സരങ്ങൾ നടക്കുന്ന ട്രാക്കിന് സമീപം കിടന്ന ബോട്ട് ഏറെ ശ്രമകരമായി മറ്റു ബോട്ടെത്തിച്ച് വലിച്ചു മാറ്റുകയായിരുന്നു.
കാലാവസ്ഥ കൂൾ, മത്സരത്തുഴച്ചിൽ ഹോട്ട്
ആലപ്പുഴ: മൂടിക്കെട്ടിയ ആകാശത്തിൽ പുന്നമടക്കായൽ പൂണ്ടുനിൽക്കുമ്പോഴും ഇരുകരയും കവിഞ്ഞ് കാണികൾ മനംനിറഞ്ഞ് മത്സരങ്ങളിൽ പങ്കാളികളായി. കത്തിക്കാളുന്ന വെയിലില്ലാതെ കൂൾ ഫീലായിരുന്നു, മത്സരാവസാനം വരെ. ഉദ്ഘാടനമത്സരങ്ങൾ രാവിലെ 11ന് ആരംഭിക്കുമ്പോൾ മഴ ചെറുതായി പെയ്തത് നല്ല ഐശ്വര്യമായി കമന്റേറ്റർ വിളിച്ചുപറയുന്നുണ്ടായിരുന്നു.
അതു ശരിവയ്ക്കുന്ന അനുഭവമായിരുന്നു തുടർന്നു കണ്ട അനുകൂല കാലാവസ്ഥ. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദുമായിരുന്നു ഉദ്ഘാടകനും അധ്യക്ഷനും. അതിൽ ഉദ്ഘാടകനായ മന്ത്രി മുഹമ്മദ് റിയാസ് എത്താൻ അൽപം വൈകിയത് പരിപാടിയിലാകെ ഡിലേ വരുത്തി.
മേലെ ഇരുണ്ടുമൂടിയ ആകാശം, താഴെ ഇരുട്ടുകുത്തിയുടെ മത്സരം
ആലപ്പുഴ: രാവിലത്തെ മത്സരങ്ങൾ പറഞ്ഞ സമയത്തുതന്നെ തുടങ്ങി. പത്തോ പതിനഞ്ചോ മിനിറ്റ് വൈകിയെങ്കിലായി. ആകാശം കറുത്തിരുണ്ടിരുന്നു. ആവേശം അതിനെ കാര്യമാക്കിയില്ല. മീഡിയക്കാരെ വഹിച്ചുള്ള ബോട്ട് നെഹ്റു പവലിയനിൽ അടുക്കുന്ന നേരത്താണ് ഇരുട്ടുകുത്തികളുടെ വരവ്.

ആവേശത്തിൽ ആഞ്ഞു തുഴയുന്നവരുടെ വീര്യം ചുറ്റുപാടിനെ ശ്രദ്ധിക്കുന്നില്ല. തുഴത്താളത്തിൽ മഴത്താളം ചേർന്നു. രാവിലെ തുടങ്ങിവച്ച മത്സരങ്ങളുടെ നിരയിൽ ഇരുട്ടുകുത്തികൾ പ്രഥമ ശ്രദ്ധയായി. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി വിവിധ ഗാലറികൾ അധികമായി ക്രമീകരിച്ചിരുന്നു.
പരാതിയുമായി പിബിസി പുന്നമടയുടെ ലീഡിംഗ് ക്യാപ്റ്റൻ
ആലപ്പുഴ: എൻടിബിആർ സൊസൈറ്റിക്ക് പരാതിയുമായി അഡ്വ. കുര്യൻ ജയിംസ്. നിരണം ചുണ്ടനും മേൽപാടം ചുണ്ടനും നിയമലംഘനം നടത്തിയുള്ള തുഴയാണ് ഉപയോഗിച്ചതെന്നാണ് പരാതി. കൂടാതെ നിലവിലെ നിയമം അനുവദിക്കുന്നതിലും കൂടുതൽ ഇതരസംസ്ഥാന തുഴക്കാർ വള്ളത്തിലുണ്ടായിരുന്നെന്നും കുര്യന്റെ പരാതിയിൽ പറയുന്നു. ഇതു രണ്ടും പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് പിബിസി പുന്നമടയുടെ ലീഡിംഗ് ക്യാപ്റ്റനായ കുര്യൻ ജയിംസിന്റെ പരാതി.
വിജയിയെ പ്രവചിച്ച് മുരളീധരൻ
ആലപ്പുഴ: നെഹ്റു ട്രോഫിയില്‍ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന് മുത്തമിട്ടപ്പോള്‍ വീയപുരം ജേതാക്കള്‍ ആകുമെന്ന് പ്രവചിച്ച് സമ്മാനം നേടിയത് പഴവീട് സ്വദേശി. ആലപ്പുഴ പഴവീട് രാജധാനി മുരളീധരനാണ് നെഹ്റു ട്രോഫി വള്ളംകളി ജേതാക്കളാകുന്ന ശരിയായ ടീമിനെ പ്രവചിച്ച് നറുക്കെടുപ്പിലൂടെ സമ്മാനം നേടിയത്.
മന്ത്രി പി. പ്രസാദാണ് വിജയിയെ തെരഞ്ഞെടുത്തത്. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് പ്രവചന മത്സരം സംഘടിപ്പിച്ചത്. പാലത്ര ഫാഷന്‍ ജൂവലറി നല്കുന്ന പി.ടി. ചെറിയാന് സ്മാരക കാഷ് അവാര്‍ഡായ 10,001 രൂപയുടെ പ്രൈസാണ് സമ്മാനം. 200 ഓളം ആളുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഇതില്‍ 24 പേരാണ് വീയപുരം ജേതാവാകുമെന്ന്പ്രവചിച്ചത്.