സ്കൂട്ടറിൽനിന്നു വീണ യുവാവ് ബസ് കയറി മരിച്ചു
1588271
Sunday, August 31, 2025 11:53 PM IST
ഹരിപ്പാട്: കടലാക്രമണത്തെത്തുടർന്ന് റോഡിലേക്കു കയറിക്കിടക്കുന്ന മണലിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നു വീണ യുവാവ് ബസ് കയറി മരിച്ചു. ആറാട്ടുപുഴ കോണിപ്പറമ്പിൽ താജുദ്ദീൻ മുസ്ലിയാരുടെ (വീയപുരം മങ്കോട്ടച്ചിറ തൈക്കാവ് ഇമാം) മകൻ മിഥിലാജാണ് (24) മരിച്ചത്. കാർത്തിക ജംഗ്ഷന് തെക്ക് ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം.
ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുമ്പോൾ മണ്ണിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞതിനെത്തുടർന്ന് റോഡിലേക്ക് വീണ മിഥിലാജിന്റെ ദേഹത്തുകൂടി പത്മം എന്ന സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറാട്ടുപുഴ എആർ സ്കൂട്ടർ വർക്ക് ഷോപ്പിലെ ജോലിക്കാരനായിരുന്നു മിഥിലാജ്. മാതാവ്: മുംതാസ്. സഹോദരി: മിസ്രിയ. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.