ഓണാവധി കഴിഞ്ഞാല്‍ പഠിക്കാന്‍ സ്കൂളില്ല; തീരുമാനമില്ലാതെ ചർച്ച
1587722
Friday, August 29, 2025 11:44 PM IST
എടത്വ: ഓണാവധി കഴിഞ്ഞ് പഠിക്കാന്‍ കുട്ടികള്‍ക്ക് സ്കൂളില്ലാതാകും. ജനപ്രതിനിധികളും രക്ഷിതാക്കളും തമ്മിലുള്ള ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. പ്രതിഷേധത്തിനൊരുങ്ങി രക്ഷിതാക്കള്‍.
നൂറ്റാണ്ടുകളുടെ പൈതൃകമുള്ള തലവടി പഞ്ചായത്തിനു കീഴില്‍ വരുന്ന ആനപ്രമ്പാല്‍ ഗവ. എല്‍പി സ്കൂളാണ് അടച്ചുപൂട്ടല്‍ വക്കിലെത്തിയിരിക്കുന്നത്. മേല്‍ക്കൂര ആസ്ബസ്റ്റോസ് ഷീറ്റായതിനാല്‍ താത്കാലിക ഫിറ്റ്നസ് നല്‍കിയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഫിറ്റ്നസ് കാലാവധി നാളെ കഴിയുമെന്നിരിക്കെ രക്ഷിതാക്കള്‍ നിരവധിത്തവണ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ഇന്നലെ ഓണാഘോഷ പരിപാടി സ്കൂളില്‍ നടക്കുന്നതിനിടെ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ജീവനക്കാരും സ്കൂളില്‍ എത്തിയിരുന്നു. ഇരു വിഭാഗവും തമ്മിലുള്ള ചര്‍ച്ച തീരുമാനമാകാതെ പിരിയുകയും വഴക്കില്‍ കലാശിക്കുകയും ചെയ്തു.
മേല്‍ക്കൂര നിര്‍മാണത്തിനുള്ള ടെൻഡര്‍ നാലു വര്‍ഷം മുന്‍പ് കരാറുകാരന് നല്‍കിയെങ്കിലും നിര്‍മാണം ആരംഭിച്ചിരുന്നില്ല. ഓണാവധി കഴിയുന്നതിന് മുന്‍പ് പണി തുടങ്ങണമെന്ന് രക്ഷിതാക്കള്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ കൃത്യമായ ഉറപ്പ് നല്കാന് അധികൃതര്‍ തയാറായില്ല. സ്കൂള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാണ് പഞ്ചായത്ത് നിര്‍ദേശം വച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു
. പഞ്ചായത്തിന്റെ നിര്‍ദേശത്തില്‍ രക്ഷിതാക്കള്‍ വിയോജിപ്പ് രേഖപ്പെടുത്തിയതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമായി. ചര്‍ച്ചയില്‍ കരാറുകാരനെ വിളിക്കാനുള്ള നിര്‍ദേശം അധികൃതര്‍ തള്ളിക്കളഞ്ഞു. തുടര്‍ന്ന് രക്ഷിതാക്കള്‍ കരാറുകാരനുമായി ഫോണില്‍ ബന്ധപ്പെട്ടു. റീ-ടെൻഡര്‍ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പണി തുടങ്ങാമെന്ന് കരാറുകാരന് അറിയിച്ചു.
നിര്‍മാണ കാലാവധി നീണ്ടുപോയാല്‍ ഓണാവധി കഴിയുന്പോൾ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കൃത്യമായി എന്നു തുടങ്ങാമെന്നോ എന്നു തീര്‍ക്കുമെന്നോ കരാറുകാരൻ ഉറപ്പ് നല്‍കിയില്ല. കരാറുകാരനെ കരിന്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് അധിക്യതര്‍ കരാറുകാരനെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. രണ്ടു ദിവസത്തിന് ശേഷം പഞ്ചായത്ത് പടിക്കല്‍ ധര്‍ണയും പ്രതിഷേധവും സംഘടിപ്പിക്കാനാണ് രക്ഷിതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.