എബിസി കേന്ദ്രത്തിനെതിരേയുള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന്
1587724
Friday, August 29, 2025 11:44 PM IST
ഹരിപ്പാട്: തെരുവുനായ നിയന്ത്രണത്തിനും പേവിഷ നിയന്ത്രണത്തിനും മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന എബിസി കേന്ദ്രത്തിനെതിരേ നടത്തുന്ന തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രദേശവാസികൾ തിരിച്ചറിയണം. മുതുകുളം എട്ടാം വാർഡിൽ 20.25 സെന്റ് ഭൂമിയിൽ തുടങ്ങുന്നത് നായ വളർത്തൽ കേന്ദ്രമല്ല.മറിച്ച് തെരുവുനായ്ക്കളെ എബിസി സെന്ററിലെ ഷെൽട്ടർ ഹോമിൽ എത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയയും അനന്തരപരിചരണവും പേവിഷ പ്രതിരോധ വാക്സിനും നൽകിയശേഷം ഇവയെ പിടിച്ച സ്ഥലങ്ങളിൽതന്നെ തിരികെ വിടുന്ന പദ്ധതിയാണിത്.
പരിസരവാസികൾക്ക് യാതൊരുവിധ ശല്യവും ഉണ്ടാകാതിരിക്കുന്നതിനായി എബിസി കേന്ദ്രത്തിന് ചുറ്റും ഉയരമുള്ള മതിലും സ്ഥാപിക്കുന്നതാണ്. മാലിന്യ സംസ്കരണത്തിനുള്ള ഏറ്റവും ആധുനിക സംവിധാനവും ഉണ്ടാകും.
തെരുവുനായ നിയന്ത്രണത്തിനും പേവിഷ നിയന്ത്രണത്തിനും ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏറ്റവും ഫലപ്രദവുംശാസ്ത്രീയവുമായ സംവിധാനമാണ് എബിസിയെന്നും ഭാരവാഹികൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി, വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ, മുതുകുളം ഡിവിഷൻ അംഗം ബിന്ദു സുഭാഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.