ജലോത്സവപ്പിറ്റേന്ന് നഗരശുചീകരണത്തിന്റെ മേളം
1588277
Sunday, August 31, 2025 11:53 PM IST
ആലപ്പുഴ: നെഹ്റുട്രോഫി ജലമേള മഹാ ആഘോഷമായി കടന്നുപോയി. ചവിട്ടിമെതിച്ച ഉത്സവപ്പറമ്പ് പോലെ നഗരം. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും റോഡരികിലും കായലോരങ്ങളിലും കാഴ്ചക്കാർ കൂടിയ പ്രദേശങ്ങളിലും.
നഗരസഭയുടെ നേതൃത്വത്തിൽ നഗരശുചീകരണത്തിന് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ കർമസേന ഇന്നലെ സജ്ജരായി രംഗത്തിറങ്ങി. നഗരത്തിലും നെഹ്റു പവലിയനിലും റോസ് പവലിയന് വിക്ടറി പവലിയനിലും കായലിലുമുള്ള വെള്ളക്കുപ്പികളും മറ്റ് മാലിന്യങ്ങളും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു.
മത്സരവിജയികളെ പ്രഖ്യാപിച്ചതിനു ശേഷം ഫിനിഷിംഗ് പോയിന്റിൽനിന്ന് ആരംഭിച്ച ശുചീകരണയജ്ഞം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്തു. ആലൂക്കാസ് പാലം മുതല്‍ കിഴക്കോട്ട് പുന്നമട ബോട്ട് ജെട്ടി വരെയും ബോട്ടുജെട്ടി പരിസരവും ഗ്രീന്‍ സോണ്‍ ആയി പ്രഖ്യാപിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ചിരുന്നു.
കുടിവെള്ള കുപ്പികള്‍, ഭക്ഷണപ്പൊതികള്‍ സ്നാക്സ് പാക്കറ്റ് എന്നിവയില്‍ സ്റ്റിക്കറുകള്‍ പതിച്ച് 20 രൂപ ഈടാക്കുകയും ജലോത്സവം കഴിഞ്ഞ് സ്റ്റിക്കര്‍ പതിച്ച കുപ്പികള്‍, പാക്കറ്റുകള്‍ തിരികെ ഹാജരാക്കിയവര്‍ക്ക് തുക തിരികെ നല്കി. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ സോണ്‍ മേഖലയില്‍ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് താല്‍ക്കാലിക ബിന്നുകള്‍ സ്ഥാപിച്ച് ബിന്നുകള്‍ക്കു സമീപം നഗരസഭ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള വോളന്റിയര്മാര്മാരുടെ സേവനം ഉറപ്പാക്കി.
രാവിലെ 6 മുതല്‍ ഔട്ട്പോസ്റ്റ് പാലത്തിനു സമീപം, പുന്നമട ഫിനിഷിംഗ് പോയിന്റ്, മാതാ ജെട്ടി, അച്ചായന്‍സ് പാര്‍ക്ക് എന്നിവിടങ്ങളില്‍ ഗ്രീന്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഹരിതചട്ടം പാലിക്കുന്നതിനു ആവശ്യമായ പരിശോധന കര്‍ശനമാക്കി.
പ്രധാനകേന്ദ്രങ്ങളിലെല്ലാം താത്കാലിക ബിന്നുകള്‍ സ്ഥാപിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കിയിരുന്നു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ.എസ്. കവിതയുടെ നേതൃത്വത്തില്‍ നഗരസഭയിലെ മുഴുവൻ ഹെൽത്ത് ഇൻസ്പെക്ടർമാരും ആരോഗ്യവിഭാഗം ജീവനക്കാരും തൊഴിലാളികളും ഹരിതകർമ സേനാംഗങ്ങളും വോളന്റിയര്‍മാരും പങ്കെടുത്തു.