ആഹ്ളാദം... ആവേശം... ആരവം...
1587484
Thursday, August 28, 2025 11:42 PM IST
നാളെ വൈകിട്ടോടെ പുന്നമട പോലീസ് വലയത്തിൽ
എം.ജെ. ജോസ്
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിക്കു മണിക്കൂറുകൾ മാത്രം ശേഷിക്കെ നഗരം സുരക്ഷാ വലയത്തിൽ. ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങൾക്കും പുന്നമടയും പരിസര പ്രദേശങ്ങളും 15 സെക്ടറുകളായി തിരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 16 ഡിവൈഎസ്എസ്പി, 40 ഇൻസ്പെക്ടർ, 360 എസ്ഐ എന്നിവരുൾപ്പടെ 1500 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് കാവൽ. കരയിലെ പോലെ കായലിലും 50 ബോട്ടുകളിലായി പോലീസ് വിന്യാസം.
കാമറ നിരീക്ഷണം
ആലപ്പുഴ നഗരവും പുന്നമട ഭാഗവും പൂർണമായും സിസിടിവി കാമറ നിരീക്ഷണത്തിലാണ്. ജനത്തിരക്കിനിടയിൽ മാലമോഷണം, പോക്കറ്റടി മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഷാഡോ പോലീസ് ഉദ്യോഗസ്ഥരും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഉണ്ടാകും.
വള്ളംകളി നിയമങ്ങൾ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴച്ചിൽക്കാരെയും കണ്ടെത്തുന്നതിനും വീഡിയോ കാമറകളുണ്ടാകും.
പാസുള്ളവർക്ക് സീറ്റ്
പാസ് എടുത്തവർക്കു സീറ്റ് ലഭിക്കുന്നില്ലെന്ന ആക്ഷേപം ഒഴിവാക്കാൻ പാസ്സുള്ളവരെ മാത്രം പരിശോധിച്ചു കടത്തി വിടും. ഇതിനായി ഫിനിഷിംഗ് പോയിന്റ് പ്രധാന കവാടത്തിലേക്കുള്ള റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചു. 30ന് രാവിലെ 10 ന് ശേഷം ഡിടിപിസി ജെട്ടിമുതൽ പുന്നമടക്കായലിലേക്കും തിരിച്ചും ഒരു ബോട്ടും സർവീസ് നടത്താൻ അനുവദിക്കുന്നതല്ലെന്ന് അധികൃതർ. ഗാലറികളിൽ പ്രവേശിക്കുന്നവരും മറ്റ് കരഭാഗത്തു നിൽക്കുന്നവരും കനാലിലേക്കും മറ്റും പ്ലാസ്റ്റിക് കുപ്പികളോ മറ്റ് സാധന സാമഗ്രികളോ വലിച്ചെറിഞ്ഞാൽ പിടിവീഴും.
പരസ്യമദ്യപാനം തടയാൻ റെയ്ഡുകൾ നടത്താൻ ഷാഡോ പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. പരസ്യമായി മദ്യക്കുപ്പികൾ കൊണ്ടുനടക്കുന്നവരെയും പരസ്യ മദ്യപാനം നടത്തുന്നവരെയും മറ്റുള്ളവർക്കു ശല്യമുണ്ടാക്കുന്നവരെയും കസ്റ്റഡിയിലെടുക്കും.
കലാപരിപാടികൾ ഇന്നു സമാപിക്കും
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗമായി ജോൺസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച സാംസ്കാരിക, കലാപരിപാടികള് ഇന്നു സമാപിക്കും.
സമാപനദിവസമായ ഇന്നു വൈകിട്ട് 5.30ന് ആലപ്പുഴ ഗ്യാലക്സി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. തുടര്ന്ന് 7.30ന് പ്രശസ്ത കലാകാരന് സ്റ്റീഫൻ ദേവസ്യ നയിക്കുന്ന മ്യൂസിക് ഷോ വേമ്പനാട് വൈബ്സും നടക്കും.