ദുരന്തങ്ങളെ നീന്തിത്തോൽപ്പിക്കാം: കടലിൽ നീന്തൽ പരിശീലനം
1588273
Sunday, August 31, 2025 11:53 PM IST
ആലപ്പുഴ: കേരളത്തിൽ വ്യാപകമായി നടക്കുന്ന മുങ്ങിമരണങ്ങളെ പ്രതിരോധിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിംഗ് പ്രമോട്ടിംഗ് ചാരിറ്റബിൾ സൊസൈറ്റി ഫൊക്കാനയുമായി സഹകരിച്ച് വൈക്കത്ത് നടത്തിവന്ന നീന്തൽ പരിശീലന പദ്ധതി സ്വിം കേരള സ്വിം മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള സുരക്ഷ അവബോധ ക്ലാസും കടലിലെ നീന്തൽ പരിശീലനവും നടത്തി. അർത്തുങ്കൽ ബീച്ചിൽ കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മൈൽസ്റ്റോൺ സൊസൈറ്റി വൈസ് പ്രസിഡന്റ് മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ മുഖ്യ പ്രഭാഷണം നടത്തി.
വേമ്പനാട് കായലിൽ കൈകൾ ബന്ധിച്ചു പതിനൊന്നു കിലോമീറ്റർ നീന്തിക്കടന്ന പത്തു വയസുകാരി സൂര്യഗായത്രി. എസിനു ലഭ്യമായ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്, ഇൻഡ്യൻ ബുക്ക് ഓഫ് റെക്കോഡ്, എലൈറ്റ് ബുക്ക് ഓഫ് റെക്കോഡ് എന്നിവ മന്ത്രിയും വയലാർ ശരത്ചന്ദ്ര വർമയും വി.എസ്. ദിലീപ്കുമാറും ചേർന്ന് സമ്മാനിച്ചു.
കോസ്റ്റൽ പോലീസ് അർത്തുങ്കൽ യൂണിറ്റ് എസ്ഐ ജോസഫ്, കടൽ സുരക്ഷയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നല്കി. സേനാംഗം തോമസ് ടി.ജെ, മൈൽസ്റ്റോൺ സൊസൈറ്റി സെക്രട്ടറി ഡോ. ആർ. പൊന്നപ്പൻ, സ്വിം കേരള സ്വിം കോ-ഓർഡിനേറ്റർ ഷിഹാബ് കെ. സൈനു, അർത്തുങ്കൽ ബീച്ച് ഫെസ്റ്റ് സൊസൈറ്റി രക്ഷാധികാരി ബാബു ആന്റ ണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.