നെഹ്റു ട്രോഫി തുരുത്ത് നിവാസികളുടെ സ്വപ്നം പൂവണിഞ്ഞു
1587721
Friday, August 29, 2025 11:44 PM IST
ആലപ്പുഴ: വെള്ളത്താല്‍ ചുറ്റപ്പെട്ട നെഹ്രുട്രോഫി തുരുത്തില് നൂറ്റാണ്ടുകളായി കടത്തുവള്ളത്തെ മാത്രം ആശ്രയിച്ച് നഗരവുമായി ബന്ധപ്പെട്ടിരുന്ന 625 കുടുംബങ്ങള്‍ക്ക് ആശ്രയമായും ആലപ്പുഴയ്ക്ക് അഴകായും നടപ്പാലം യാഥാര്‍ഥ്യമായി.
നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശം അലതല്ലുന്ന പുന്നമട സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ കായലിനു കുറുകെ ആലപ്പുഴ നഗരസഭ നിർമിച്ച ആധുനിക നടപ്പാലം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നാടിനു തുറന്നുകൊടുത്തു. ആലപ്പുഴ എംഎല്‍എ പി.പി. ചിത്തരഞ്ജന് അധ്യക്ഷത വഹിച്ചു.
നെഹ്റു ട്രോഫി ദ്വീപിലെ മൂവായിരത്തോളം പേർ നൂറ്റാണ്ടുകളായി അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോഴും ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കളക്ടറേറ്റ്, നഗരസഭ, തൊഴിലിടങ്ങള്‍, കോടതി തുടങ്ങി എവിടെ പോകണമെങ്കിലും കടത്തു വള്ളത്തെ ആശ്രയിച്ചിരുന്ന ു ജനവിഭാഗത്തിന് ആശ്രയമാകുകയാണ് നടപ്പാലം. ആലപ്പുഴയുടെ ടൂറിസം മേഖലയുടെ വികസനത്തിനു കൂടി പാലം മുതൽക്കൂട്ടാവും.
അമൃത് 1.0 യില്‍ ഉള്‍പ്പെട്ടതിനാല്‍ 2025 ഡിസംബറില്‍ പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മന്ത്രിസഭായോഗം നഗരസഭയ്ക്ക് പ്രത്യേക അനുമതി നൽകിയാണ് പാലം നിർമാണം ആരംഭിക്കാനായത്. സംസ്ഥാന സര്‍ക്കാരിനൊപ്പം ടെന്റര്‍ എക്സസ് തുകയുടെ 50 ശതമാനം നഗരസഭ തനതു ഫണ്ടില്‍ നിന്നു വഹിക്കാന്‍ തീരുമാനിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.