ബീയാർ പ്രസാദ് ജീവിക്കുന്നു, പാട്ടുകളിലൂടെ...
1587718
Friday, August 29, 2025 11:44 PM IST
കുട്ടനാടിന്റെ കഥ പറഞ്ഞ് ജലോത്സവത്തിലെ പാട്ടെഴുതാൻ ആലപ്പുഴക്കാരനായ സിബി മലയിലാണ് ബീയാറിനെ ക്ഷണിച്ചത്. ഗാനത്തിലൂടെ കുട്ടനാടിനെയാണ് ബീയാര്‍ അവതരിപ്പിച്ചതെങ്കിലും നിറഞ്ഞു നിന്നത് കേരളംതന്നെ. അല്‍ഫോണ്‍സ് സംഗീതം നല്കിയ ഗാനത്തില്‍ കുട്ടനാടന്‍ ചേറിന്റെ മണവും ചേര്‍ന്നതോടെ ആസ്വാദകര്‍ക്ക് ആ മണ്ണില്‍ ചവിട്ടിയ സുഖം.
കുട്ടനാടന്‍ പ്രകൃതിയും മണ്ണും കാറ്റും സ്വര്‍ണമണി നിറമുള്ള പൊന്നാര്യന്‍ കതിരുമൊക്കെ മനസിലേക്ക് ആവാഹിച്ച് ബീയാർ എഴുതിയ പാട്ടിലുണ്ടായിരുന്നു, അതിനുള്ള ഈണം, താളം എല്ലാം. മറ്റൊരു ആലപ്പുഴക്കാരൻ കുഞ്ചാക്കോ ബോബൻ അഭിനയിച്ച ‘ജലോത്സവം’ കുട്ടനാടിനെ കൂടുതൽ ദൃശ്യാനുഭവമാക്കി.
കവിത പാടുന്ന കുട്ടനാടന്‍ കാറ്റിന്റെ തലോടല്‍ ബീയാറിന്റെ പാട്ടുകളിലെല്ലാമുണ്ട്. കിളിച്ചുണ്ടന്‍ മാമ്പഴം പോലെ മധുരമുള്ള പാട്ടുകള്‍ മലയാളിക്ക് പകര്‍ന്നുതന്ന്, മഴത്തുള്ളികള്‍ പൊഴിഞ്ഞ നാടന്‍ വഴികളിലൂടെ ബീയാര്‍ പ്രസാദ് നമ്മെ കൈപിടിച്ചു കൊണ്ടുപോയത് പാട്ടിന്റെ പച്ചത്തുരുത്തിലേക്കായിരുന്നു.
അവിടെ കേരനിരകളും ഒന്നാംകിളി പൊന്നാണ്‍കിളിയും കസവിന്റെ തട്ടമിട്ട മൊഞ്ചത്തിയുമൊക്കെ ചേര്‍ന്ന് നമ്മെ സ്വീകരിച്ചു. പൊന്നോടു പൂവായതും മാംചുനപോൽ പൊള്ളുന്നതുമായ പാട്ടുകള്‍ നമുക്കായി എഴുതി. ജലം പുഷ്പതീർഥമായ് തളിക്കുവാന്‍ നദികള്‍ മത്സരിച്ചപോല്‍ ബീയാര്‍ പ്രസാദിന്റെ പാട്ടുകള്‍ ആസ്വാദകരുടെ ഉള്ളില്‍ ഏതാണ് പ്രിയപ്പെട്ടതെന്നറിയാതെ മത്സരിച്ചു നിന്നു.
മങ്കൊമ്പിലെ മേളവാദ്യ കലാകാരനായ അച്ഛന് ബാലകൃഷ്ണപ്പണിക്കരുടെ താളബോധം പകര്‍ന്നു കിട്ടിയത് ബീയാറിന്റെ പാട്ടുകളിലൂടെ തുടരുന്നു. ബീയാറിന്റെ അനുഭവങ്ങളും അനുഭൂതികളും അദ്ദേഹത്തിന്റെ വിയോഗത്തിലും അനുവാചകരിൽ തുടരുന്നു.
നാടക പ്രവര്‍ത്തനവും അഭിനയവും സംവിധാനവും നാടകരചനയും പാട്ടെഴുത്തുമൊക്കെയായി കുട്ടനാടിന്റെ മാറിൽ ജീവിച്ച് കുട്ടനാടിന്റെ ശ്വാസമായി മാറിയ ബീയാർ പ്രസാദില്ലാത്ത മൂന്നാമത് ഓണമാണിത്. മസ്തിഷ്കാഘാതത്തെത്തുടർന്ന് ചികിത്സയിലിരിക്കെ 2023 ജനുവരി നാലിന് അന്തരിച്ചു.