അടിമന ഭദ്രകാളീക്ഷേത്രത്തിൽ മോഷണം
1587482
Thursday, August 28, 2025 11:42 PM IST
അമ്പലപ്പുഴ: അമ്പലപ്പുഴ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അടിമന ഭദ്രകാളീക്ഷേത്രത്തിൽ മോ ഷണം. മൂന്നു കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്നു. ഇന്നലെ രാവിലെ ക്ഷേത്രം ജീവനക്കാരെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.
ഓഫീസിന്റെയും തൊട്ടടുത്ത സ്റ്റോർ റൂമിന്റെയും താഴുകൾ പൊളിച്ച നിലയിലായിരുന്നു. ഓഫീസിൽ വച്ചിരുന്ന മൂന്നു കാണിക്കവഞ്ചികൾ തകർത്ത് ഇതിൽനിന്ന് പണം കവർന്നശേഷം കാണിക്കവഞ്ചികൾ ക്ഷേത്രപരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. ക്ഷേത്രത്തിനു മുന്നിൽ വച്ചിരുന്ന രണ്ടു കുത്തുവിളക്കുകളിൽ ഒന്നുപയോഗിച്ചാണ് താഴുകൾ പൊളിച്ചിരിക്കുന്നത്.
ഈ കുത്തുവിളക്ക് ഓഫീസിനു മുന്നിൽ വച്ചിരുന്നു. മറ്റൊരു കുത്തുവിളക്ക് കാണാനില്ല. ഓഫീസിന്റെ താഴ് ഉപേക്ഷിച്ച നിലയിൽ കണ്ടെങ്കിലും സ്റ്റോർ റൂമിന്റെ താഴ് കാണാനില്ലായിരുന്നു. അമ്പലപ്പുഴ പോലീസെത്തി അന്വേഷണമാരംഭിച്ചു. സമീപത്തെ വീടുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.