കൊണ്ടൽ വഞ്ചി മിഥുനക്കാറ്റിൽ...ഓണപ്പാട്ടുകളുടെ തമ്പുരാൻ ശ്രീകുമാരൻ തമ്പി
1587485
Thursday, August 28, 2025 11:42 PM IST
ആലപ്പുഴയിലാണ് ജനനം. അവിടെ കുട്ടിക്കാലം. ഹരിപ്പാട് പുന്നൂർ കൊട്ടാരത്തിന്റെ ശാഖയായ കരിമ്പാലത്ത്. സ്കൂൾ-കോളജ് വിദ്യാഭ്യാസവും എല്ലാം ആലപ്പുഴയിൽ. കുട്ടനാടിന്റെ ചൈതന്യവും അമ്പലപ്പുഴ ശ്രീകൃഷ്ണ ഭക്തിയും ആലപ്പുഴയുടെ തനിമയും തമ്പിയിലെ കവിയെ, കലാകാരനെ ഉണർത്തി. മലയാള സിനിമയിൻ ഏറ്റവും കൂടുതൽ ഓണപ്പാട്ടുകൾ എഴുതിയതും ഓണത്തെക്കുറിച്ച് ഏറ്റവും കൂടുതൽ ലളിതഗാനങ്ങൾ എഴുതിയതും ഓണത്തോടുള്ള പ്രേമം മൂത്ത് തിരുവോണം എന്ന പേരിൽ സിനിമ സംവിധാനം ചെയ്തതും ശ്രീകുമാരൻ തമ്പി.
കവി, ചലച്ചിത്ര സംവിധായകൻ തിരക്കഥാകൃത്ത്, നിർമാതാവ്, സംഗീത സംവിധായകൻ തുടങ്ങി കൈവച്ച മേഖലകളിലെല്ലാം പൊന്നാക്കിയ പ്രതിഭ.
അപ്പോഴും കുട്ടിക്കാലത്തെ ഓണസ്മൃതികൾ പാട്ടുകളിൽ നിറഞ്ഞുനിൽക്കുന്നു.
ഉത്രാടപ്പൂ നിലാവേ വാ.. ആസ്വദിക്കാത്ത മലയാളിയുണ്ടോ?
മലയാളത്തിൽ ഓണപ്പാട്ടുകളുടെ നിരയാണ് അദ്ദേഹത്തിന്റെ പേരിൽ.
ആലപ്പുഴ പട്ടണത്തിൽ അതിമധുരം വിതറിയോളെ... എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസിൽ ആലപ്പുഴ പട്ടണത്തെ അദ്ദേഹം വരച്ചിട്ടു.
നിരവധി സൂപ്പർ ഹിറ്റ് ഓണപ്പാട്ടുകൾ.
എം.കെ. അർജുനൻ- യേശുദാസ് കൂട്ടുകെട്ടിൽ പൂവണിപ്പൊന്നിന് ചിങ്ങം വിരുന്നുവന്നു, ദക്ഷിണാമൂർത്തി- പി.ലീല ടീമിൽ പൊന്നിൻ ചിങ്ങത്തേര് വന്നു,
എം. എസ്. വിശ്വനാഥൻ - യേശുദാസ് ടീമിൽ ആ നിമിഷത്തിന്റെ നിർവൃതിയിൽ..
സലിൽ ചൗധരി - യേശുദാസ് കൂട്ടുകെട്ടിൽ പൂവിളി പൂവിളി പൊന്നോണമായി.. തുടങ്ങി തിരുവോണവുമായി ബന്ധപ്പെട്ട് എത്രയോ നല്ല പാട്ടുകൾ.
ശ്രീകുമാരൻ തമ്പി രചനയും സംഗീതവും നൽകി ചിത്രയും വേണുഗോപാലും പാടിയ
പൂവണി എന്ന ആൽബത്തിലെ
വെണ്ണിലാവിൻ പൂക്കളൊഴുകും
വേമ്പനാടിൻ തിരകളേ...,
കാരിച്ചാൽ ചുണ്ടൻ കണ്ണായ ചുണ്ടൻ...
തുടങ്ങി മലയാളികൾ മറക്കാത്ത നിരവധി ജലോത്സവം നിറഞ്ഞുനിൽക്കുന്ന ഓണപ്പാട്ടുകളുമുണ്ട്.
ശ്രീകുമാരൻ തമ്പിയിലെ കലാകാരനെ പാകപ്പെടുത്തി ഉണർത്തി വളർത്തിയ ആലപ്പുഴയെയും ഹരിപ്പാടിനെയും കുട്ടനാടിനെയും ശ്രീകുമാരൻ തമ്പി ജീവിതത്തിനു മുതൽ കൂട്ടായി കൊണ്ടുനടക്കുന്നു.