അസി. സര്ജന് പിഎസ്സി പരീക്ഷ; സമയപരിധി നീട്ടണമെന്ന് എംപി
1586659
Tuesday, August 26, 2025 12:14 AM IST
ആലപ്പുഴ: അസി. സര്ജന് തസ്തികയിലേക്കുള്ള പിഎസ്സി അപേക്ഷക്കുള്ള സമയപരിധി നീട്ടിവെയ്ക്കണമെന്ന് കെസി വേണുഗോപാല്‍ എംപി ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തുനല്‍കി.
നിലവിലെ അവസാന തീയതി സെപ്റ്റംബര്‍ മൂന്നിന് അവസാനിക്കും. കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് പ്രക്രിയയിലെ കാലതാമസം കാരണം, ഈ വര്‍ഷം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയവരില്‍ വലിയൊരു വിഭാഗത്തിനും ആവശ്യമായ സ്ഥിരം രജിസ്ട്രേഷന് ലഭിച്ചിട്ടില്ല.
സര്‍ട്ടിഫിക്കറ്റ് സേവനങ്ങളില്‍ സര്‍വകലാശാല ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇതിന് പ്രധാന തടസം. മൂന്ന് വര്‍ഷത്തിലൊരിക്കലാണ് ഈ പരീക്ഷ പിഎസ്സി നടത്തുന്നത്.
ഇത്തവണ അവസരം ലഭിച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം കാത്തിരിക്കണം. അതിനാല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന് നടപടികള്‍ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കണം.
അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ സമയം നല്‍കിയില്ലെങ്കില്‍ അത് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളോട് കാട്ടുന്ന കടുത്ത അനീതിയാണെന്നും വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.