കരാര്‍ പാലിച്ചില്ല: സെന്റ് ജോര്‍ജ് ചുണ്ടൻ വള്ളം ജപ്തിയിലേക്ക്
1586661
Tuesday, August 26, 2025 12:14 AM IST
എടത്വ: സെന്റ് ജോര്‍ജ് വള്ളത്തിന്റെ ഭരണസമിതി വള്ളംകളി ക്ലബുമായി ഉണ്ടാക്കിയ കരാര്‍ പാലിച്ചില്ല. സെന്റ് ജോര്‍ജ് വള്ളവും സ്വത്തുക്കളുടെയും കൈമാറ്റങ്ങള്‍ തടഞ്ഞ് കോടതിയുടെ ഉത്തരവ്. ഉത്തരവിന്റെ കോപ്പി കോടതി ആമീന്‍ വള്ളപ്പുരയുടെ കമാനത്തില്‍ പതിപ്പിച്ചു. ചങ്ങങ്കരി നടുഭാഗം ക്രിസ്ത്യന്‍ യൂണിയന്റെ ഉടമസ്ഥയിലുള്ള സെന്റ് ജോര്‍ജ് ചുണ്ടന്‍വള്ള ഭരണസമിതി എടത്വ ബ്രദേഴ്സ് ബോട്ട് ക്ലബുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് വള്ളവും വള്ളപ്പുരയും ഓഫീസ് കെട്ടിടവും കൈമാറ്റം ചെയ്യുന്നത് തടഞ്ഞാണ് ആലപ്പുഴ സിവില്‍ കോടതി ഉത്തരവിറക്കിയത്.
2019 ല്‍ നെഹ്റുട്രോഫി ജലോത്സവത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ചങ്ങങ്കരി നടുഭാഗം ക്രിസ്ത്യന്‍ യൂണിയന് ക്ലബുമായി കരാര്‍ ഉടമ്പടിയില്‍ ഒപ്പിട്ടിരുന്നു. ഇതേതുടര്‍ന്ന് യൂണിയന് ഭരണസമിതി രണ്ടു ചെക്കുകള്‍ ക്ലബ്ബിനു കൈമാറി. 2020 ജനുവരി 18ന് 9 ലക്ഷം രൂപയുടെ ചെക്കും 22ന് മൂന്നു ലക്ഷം രൂപയുടെ ചെക്കും ഉള്‍പ്പെടെ 12 ലക്ഷം രൂപയുടെ ചെക്കാണ് ക്ലബ്ബിന് നല്‍കിയത്. മത്സരത്തില്‍ സെന്റ് ജോര്‍ജ് ചുണ്ടന് 9-ാം സ്ഥാനത്ത് വന്നതോടെ സിബിഎല്‍ മത്സരത്തിലും ഇടംപിടിച്ചു.
പരിശീലനത്തിനായി ലക്ഷങ്ങള്‍ മുടക്കിയ ക്ലബ് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതോടെ പുതിയ ഭരണസമതിയോട് പണം ആവശ്യപ്പെട്ടു. പണം നല്‍കാതെ വന്നതോടെ ക്ലബ് ഭാരവാഹികള്‍ ചെക്ക് ബാങ്കിന് കൈമാറി. ഉടമയുടെ അക്കൗണ്ടില്‍ പണം ഇല്ലാത്തതിനാല്‍ ചെക്ക് മടങ്ങി. ഇതേത്തുടര്‍ന്ന് ക്ലബ്ബ് ഭാരവാഹികള്‍ നിയമനടപടി ആരംഭിച്ചു.
ക്ലബിന് പരിശീലനത്തിന് ചെലവായ തുകയും കോടതി ഫീസും പലിശയും ഉള്‍പ്പെടെ 22,05,890 രൂപ നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാന്‍ യൂണിയന് ഭാരവാഹികള്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സെന്റ് ജോര്‍ജ് വള്ളവും സ്വത്തുക്കളും കൈമാറ്റം തടഞ്ഞ് കോടതി ഉത്തരവിറക്കയത്.
വരും ദിവസങ്ങളില്‍ ജപ്തി നടപടിയിലേക്കും കടക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് പി.ജെ. പ്രസാദും സെക്രട്ടറി ജോര്‍ജ് മാത്യുവും പറഞ്ഞു.