നയമ്പെറിഞ്ഞെത്തുന്ന വള്ളംകളി ഓർമകൾ
1586662
Tuesday, August 26, 2025 12:14 AM IST
എം.ജെ. ജോസ്
പഴയകാല വള്ളംകളിയും പുതിയ പരാതികളും
ആലപ്പുഴ: പുന്നമടക്കായലിലെ മത്സരവള്ളംകളിക്കു തിരുവോണത്തേക്കാള്‍ പ്രാധാന്യമായിരുന്നു അന്ന്. കാരണം പൊതുവേ അതിഥിസത്കാര പ്രിയരാകയാല്‍ ദൂരദേശത്തുനിന്നു ബന്ധുക്കളായും സുഹൃത്തുക്കളായും നിരവധി പേര് വീടുകളിലെത്തും. ഉച്ചയ്ക്ക് മുമ്പായി എത്തുന്നവര്‍ക്കു സദ്യയൊരുക്കണം. വള്ളംകളി കഴിഞ്ഞു ആരെങ്കിലും എത്തിയാല്‍ അവരെയും സത്കരിക്കണം. വര്‍ഷത്തിലൊരിക്കല്‍ ബന്ധുക്കള്‍ വീട് സന്ദര്‍ശിക്കുന്ന ദിനം! പക്ഷേ, ഇന്നതൊക്കെ കുറഞ്ഞു: ഒരു കുട്ടനാട്ടുകാരൻ അയവിറക്കുന്നു.
സംഘാടനം
വടക്കനോടി, വളവര, ചുരുളന്‍ തുടങ്ങി കൊതുമ്പുവള്ളം വരെ ആരാധകരാൽ മത്സരിക്കാനുണ്ടായിരുന്നത്രേ! പക്ഷെ, ചുണ്ടനും വെപ്പും ഇരുട്ട് കുത്തിയുമൊക്കെ വേറെ. എന്നാൽ ഇതൊന്നും നിലനിർത്താൻ പര്യാപ്തമായ വിധത്തിലല്ല ഇന്നു നെഹ്റു ട്രോഫിയുടെ സംഘാടനമെന്നു കുട്ടനാട്ടുകാരൻ വിനീതിന് അമർഷം.
സ്ഥിരതയില്ല
മുൻപ് സ്ഥിരമായി ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയായിരുന്നു നെഹ്റു ട്രോഫി. മഴക്കാലം ഓഗസ്റ്റിലേക്കുകൂടി നീങ്ങിയതോടെ തോന്നിയതു പോലെയായി വള്ളംകളിയുടെ തീയതി. സ്ഥിരമായി ഓഗസ്റ്റ് അവസാനത്തിലേക്കോ സെപ്റ്റംബറിലേക്കോ മാറ്റണമെന്നാണ് ആവശ്യം. അങ്ങനെയൊരു തീരുമാനമെടുക്കാൻ പോലും ബോട്ട് റേസ് സൊസൈറ്റിക്കോ ടൂറിസം വകുപ്പിനോ ഇതുവരെ സാധിച്ചില്ല.