വള്ളംകളിയാവേശം നിറച്ച് സാംസ്കാരിക ഘോഷയാത്ര
1586663
Tuesday, August 26, 2025 12:14 AM IST
ആലപ്പുഴ: ജില്ലയിലെ നഗരവീഥികളില്‍ വള്ളംകളിയാവേശം നിറച്ച് സാംസ്കാരിക ഘോഷയാത്ര. നെഹ്റു ട്രോഫി വള്ളംകളിക്കു മുന്നോടിയായി നഗരസഭ സംഘടിപ്പിച്ച ഘോഷയാത്ര കളക്ടറേറ്റില്‍ എന്‍ടിബിആര്‍ സൊസൈറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഫ്ളാഗ് ഓഫ് ചെയ്തു.
വെള്ളക്കുതിരയുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയില്‍ മാവേലി, വാമനന്, അമ്മന്‍കുടം, പഞ്ചവാദ്യം, റോളര്‍ സ്കേറ്റിംഗ് ടീം, ശിങ്കാരിമേളം, ബാന്റ്സെറ്റ്, പുരാണവേഷങ്ങള്‍, കൊട്ടക്കാവടി, പൊയ്ക്കാല്‍ മയില്‍, തെയ്യം പ്ലോട്ടുകള്‍, വഞ്ചിപ്പാട്ട്, കൊയ്ത്ത് വേഷത്തില്‍ കുട്ടികള്‍ എന്നിങ്ങനെയുള്ള കലാ, കായികരൂപങ്ങള്‍ അണിനിരന്നു.
നഗരത്തിലെ വിവിധ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ പ്രകടനങ്ങള്‍ക്കും നഗരം സാക്ഷിയായി. ജനപ്രതിനിധികള്‍, കലാ, കായിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, സ്റ്റുഡന്റ് പോലീസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി-ആശാവര്‍ക്കര്‍മാര്‍, ഹരിത കര്‍മസേനാംഗങ്ങള്‍ തുടങ്ങിയവരും ഘോഷയാത്രയില്‍ അണിനിരന്നു. വള്ളംകളിയുടെ ആവേശം നിറഞ്ഞുനില്ക്കുന്ന സായാഹ്നത്തില്‍ ഘോഷയാത്ര കാണാനും ഫോട്ടോകള്‍ പകര്‍ത്താനുമായി ആയിരങ്ങളാണ് ആര്‍പ്പുവിളിയോടെ വഴിയിരികില്‍ തടിച്ചുകൂടിയത്. വന്‍ജനാവലിയുടെ അകമ്പടിയോടെ നീങ്ങിയ ഘോഷയാത്ര നാല്‍പ്പാലത്തില്‍ സമാപിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ, നഗരസഭാ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം.ജി. സതീദേവി, നസീര്‍ പുന്നയ്ക്കല്‍, എ.എസ്. കവിത, എം.ആര്. പ്രേം, ആര്. വിനീത, ഡിപിസി. അംഗം ഡി.പി. മധു, കൗണ്‍സിലര്‍മാരായ ബിന്ദു തോമസ്, ഹരികൃഷ്ണന്, രതീഷ്, സലിം മുല്ലാത്ത്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത്, ഡിറ്റിപിസി സെക്രട്ടറി കെ.ജി. അജേഷ് തുടങ്ങിയവര്‍പങ്കെടുത്തു.