വള്ളംകളി എക്സ്പ്രസ് യാത്ര തുടങ്ങി
1586664
Tuesday, August 26, 2025 12:14 AM IST
ആലപ്പുഴ: വള്ളംകളിയുടെ ആവേശം ജില്ലയിലെ എല്ലാ ഭാഗങ്ങളിലും എത്തിക്കാന്‍ വള്ളംകളി എക്സ്പ്രസ് യാത്ര തുടങ്ങി. 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ഥം പബ്ലിസിറ്റി കമ്മിറ്റി തയാറാക്കിയ പ്രചാരണ വാഹനമായ വള്ളംകളി എക്സ്പ്രസില്‍ കയറിയാന്‍ ആദ്യദിനം തന്നെ ഒട്ടനവധി പേര് എത്തി. നെഹ്റുട്രോഫി കാണാനുള്ള സൗകര്യവും ബസില്‍ ഒരുക്കിയിട്ടുണ്ട്. പ്രദര്ശനവാഹനത്തില് വള്ളം കളിയുമായി ബന്ധപ്പെട്ട വീഡിയോ പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, തീം സോംഗ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞകാല നെഹ്റുട്രോഫി മത്സരങ്ങളിലെ പ്രധാന ദൃശ്യങ്ങള്‍ പ്രദര്‍ശനത്തില്‍ കാണാം. വള്ളംകളി എക്സ്പ്രസ് പര്യടനത്തിന്റെ ഫ്ളാഗ് ഓഫ് പി.പി. ചിത്തരഞ്ജന് എംഎല്‍എ നിര്‍വഹിച്ചു.
25 മുതല്‍ 28 വരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും സമീപ ജില്ലകളിലും വള്ളംകളി എക്സ്പ്രസ് പര്യടനം നടത്തും. സന്ദര്ശകര്ക്കുള്ളില് കയറി പ്രദര്‍ശനം കാണാന്‍ പ്രത്യോക കേന്ദ്രങ്ങളില്‍ വണ്ടിയില്‍ സൗകര്യം ഒരുക്കും.
ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ നസീര്‍ പുന്നയ്ക്കല്‍, എം.ആര്. പ്രേം, എ.എസ്. കവിത, നഗരസഭാംഗങ്ങളായ പ്രഭാ ശശി കുമാര്‍, എ. ഷാനവാസ്, ബി. നസീര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ ജലാല്‍ അമ്പനാകുളങ്ങര, സുഭാഷ് ബാബു, രമേശന് ചെമ്മാപറമ്പില്‍, പി.കെ. ബൈജു, കെ. നാസര്‍, അബ്ദുള്‍ സലാം ലബ്ബ, ജമാല്‍ പള്ളാത്തുരുത്തി തുടങ്ങിയവര്‍ പങ്കെടുത്തു.
ചൊവ്വാഴ്ച കായംകുളം, കൃഷ്ണപുരം, കരുനാഗപ്പള്ളി, ഓച്ചിറ, നാഷണല്‍ ഹൈവേവഴി ഹരിപ്പാട് എത്തി മാധവാജംഗ്ഷനില്നിന്ന് കിഴക്കോട്ട് വീയപുരം, ചെന്നിത്തല, മാന്നാര്‍, പൊടിയാടി, എടത്വ, തകഴി, അമ്പലപ്പുഴ, ആലപ്പുഴ ബീച്ച് എന്നിവിടങ്ങളില്‍ ബസ് എത്തിച്ചേരും.
സാംസ്കാരികോത്സവത്തിനു തുടക്കം
ആലപ്പുഴ: 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റുട്രോഫി വള്ളംകളിക്കു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്കാരികോത്സവവും കലാസന്ധ്യയും പി.പി. ചിത്തരഞ് ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയിലെ ജനതയുടെ വൈകാരികതയോട് ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ജലോത്സവമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് സംസ്കാരിക ഘോഷയാത്രക്കൊടുവില്‍ നാല്‍പ്പാലത്തിന് സമീപം നടന്ന പരിപാടിയില്‍ എംഎല്‍എ പറഞ്ഞു.
ഈ ആഘോഷത്തിന്റെ ഖ്യാതിക്കൊപ്പം ആലപ്പുഴ നഗരത്തെയും ലോകപ്രശസ്തമാക്കുവാന്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും 2026 മാര്‍ച്ച് 31നകം നഗരത്തിലെ പ്രധാന കനാല്‍ കരകളുടെ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഒരു പുതുപുത്തന്‍ നഗരം തന്നെ ഈ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴയ്ക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 29വരെ മുല്ലയ്ക്കല് പോപ്പി ഗ്രൗണ്ടിലാണ് സാംസ്കാരിക പരിപാടികള്അരങ്ങേറുന്നത്.
പരിപാടിയോടനുബന്ധിച്ച് നടന്ന വ്യാപാരസ്ഥാപനങ്ങളിലെയും നഗരത്തിലെയും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍വഹിച്ചു.
ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ അധ്യക്ഷയായി.