വലിയ സാധ്യതകൾ മറന്ന് വള്ളംകളി സംഘാടനം
1586930
Wednesday, August 27, 2025 12:35 AM IST
അത്തം കടന്നു, ആലപ്പുഴ ഉണർന്നു
എം.ജെ. ജോസ്
ആലപ്പുഴ: ജലമാമാങ്കത്തിന്റെ അവസാന ഒരുക്കത്തിൽ നഗരം. ആഘോഷവും ഉത്സവവും നഗരത്തെ കെട്ടിയൊരുക്കുമ്പോഴും ജില്ലാക്കോടതിപ്പാല നിർമാണം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ജനത്തെ വലയ്ക്കുന്നു. കനാലിന് ഇരുപുറവും ഗതാഗതം തടഞ്ഞാണ് നിർമാണം. അസൗകര്യങ്ങളെക്കുറിച്ചു പരാതികളേറെ.
നെഹ്റുട്രോഫി വള്ളംകളിക്കു സ്ഥിരമായ തീയതി തീരുമാനിച്ച്, ഇന്റർനാഷണൽ ട്രാവൽ കലണ്ടറുകളിലും ലോൺലി പ്ലാനറ്റ്, ട്രിപ്പ് അഡ്വൈസർ പോലെയുള്ള ട്രാവൽ സൈറ്റുകളിലുമൊക്കെ ലിസ്റ്റ് ചെയ്താൽ അതു വിദേശ ടൂറിസ്റ്റുകളുടെ ട്രാവൽ പ്ലാനിൽ കയറുമായിരുന്നെന്നാണ് ഒരു നിരീക്ഷണം.
ഇക്കൊല്ലം വള്ളംകളി ഓഗസ്റ്റ് 30ന് എന്നു തീരുമാനിച്ചത് ജൂലൈയിൽ, അതായത് ഒരു മാസം മാത്രം ശേഷിക്കെ! ഈ ഒരു മാസം കൊണ്ട് ഏതെങ്കിലും വിദേശ സഞ്ചാരിക്കു പ്ലാൻ ചെയ്ത് ഇവിടെ എത്താൻ സാധിക്കുമോയെന്നു ചോദിക്കുന്നവരുണ്ട്.
പ്ലാനിംഗ് വൈകി
കൃത്യമായ പ്ലാനിംഗ് ഉണ്ടായിരുന്നെങ്കിൽ ട്രാവൽ വ്ലോഗർമാരെയും സ്പോർട്സ് ജേണലിസ്റ്റുകളെയുമൊക്കെ സഹകരിപ്പിച്ചു വള്ളംകളിയെപ്പറ്റിയും തയാറെടുപ്പുകളെപ്പറ്റിയുമൊക്കെ ആകർഷകമായ സോഷ്യൽ മീഡിയ പ്രചാരണങ്ങൾ നടത്തി ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുമായിരുന്നു. യൂറോപ്പിൽ ജർമനി പോലെയുള്ള രാജ്യങ്ങളിലെ സമ്മർ വെക്കേഷൻ സമയം കൂടിയാണ്- വള്ളംകളി പ്രേമിയായ അജോയ് കടപ്പിലാരിൽ ചൂണ്ടിക്കാട്ടുന്നു
സഞ്ചാരികൾ വന്നാൽ അവർ വള്ളംകളിയും ആലപ്പുഴയും മാത്രം കണ്ടു തിരിച്ചുപോവില്ല, മറ്റു പല ടൂറിസ്റ്റു കേന്ദ്രങ്ങളും സന്ദർശിക്കും. സംസ്ഥാന ടൂറിസം മേഖലയ്ക്കു മുഴുവൻ ഗുണം ചെയ്യും. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇത്തരം ആലോചനകൾ ഇല്ലാത്തതിനാൽ നഷ്ടമാകുന്നത്.
പ്രചാരണം കുറവ്
കേരള ടൂറിസത്തിന്റെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഇങ്ങനെ ഒരു ഇവന്റ് നടക്കുന്നതിന്റെ പ്രചാരണം കാര്യമായില്ല. ഇത്തരം പരാതികളിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കേണ്ടത് അധികാരികളാണ്.
ആരുണ്ടെങ്കിലും ഇല്ലെങ്കിലും വള്ളംകളി കുട്ടനാട്ടുകാർ നടത്തുമെന്ന് അവർക്കറിയാം. കാരണം അതു നാടിന്റെ ആവേശമാണ്. മുക്കാൽ കോടി മുതൽ ഒരു കോടിയോളം രൂപ വരെ ചെലവഴിച്ചാണ് നെഹ്റു ട്രോഫിക്കു പല വള്ളങ്ങളും എത്തുന്നത്. കഴിഞ്ഞ വർഷം ഫൈനലിൽ നാലു വള്ളങ്ങളും ഫിനിഷ് ചെയ്തത് ഒരേ സെക്കൻഡിലാണ്. ഇത്രത്തോളം കോരിത്തരിപ്പിക്കുന്ന ഒരു ഇവന്റിനെയാണ് ടൂറിസം വകുപ്പ് മിസ്മാനേജ് ചെയ്യുന്നത്: അജോയ് പറയുന്നു.
അവധിയുണ്ടെങ്കിലും
വള്ളംകളി ദിനമായ 30ന് ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഈ താലൂക്കുകളിൽനിന്നു വള്ളംകളി ആസ്വദിക്കാനെത്തുന്നവരുടെ ഇടിവ് എന്തുകൊണ്ടെന്ന് ആരും പഠിക്കുന്നില്ല.