വഞ്ചിപ്പാട്ട് മത്സരം ഇന്ന്
1586931
Wednesday, August 27, 2025 12:35 AM IST
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തുന്ന വഞ്ചിപ്പാട്ട് മത്സരം ഇന്ന് മുല്ലയ്ക്കൽ പോപ്പി ഗ്രൗണ്ടിൽ പി.പി. ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സി.കെ. സദാശിവൻ അധ്യക്ഷനാകും. പോപ്പി ഗ്രൗണ്ടിൽ രാവിലെ എട്ടിന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പതാക ഉയർത്തും. വഞ്ചിപ്പാട്ട് വള്ളം പണിത തങ്കച്ചൻ ആചാരിയെ ചടങ്ങില്‍ ആദരിക്കും.
കെ.കെ. ഷാജു, നഗരസഭ ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ആറന്മുള ശൈലി, കുട്ടനാട് ശൈലി, വെച്ചുപാട്ട് എന്നിങ്ങനെയാണ് മത്സരയിനങ്ങൾ. പുരുഷന്മാർ, സ്ത്രീകൾ, സീനിയർ ആൺകുട്ടികൾ, സീനിയർ പെൺകുട്ടികൾ, ജൂണിയർ ആൺകുട്ടികൾ, ജൂണിയർ പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് മത്സരം. വൈകുന്നേരം നാലിന് സമാപനസമ്മേളനം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷയാകും.
നെഹ്റു ട്രോഫി വള്ളംകളി:
30ന് ജില്ലയിൽ പ്രാദേശിക അവധി
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിദിനമായ 30ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചിരുന്നു. തുടര്‍ന്ന് മാവേലിക്കര താലൂക്കിലും അവധി പ്രഖ്യാപിക്കുകയായിരുന്നു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.