കുമരകം ബോട്ട് ക്ലബിന് നഷ്ടമായി മോഹനൻ
1586932
Wednesday, August 27, 2025 12:35 AM IST
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ കുമരകംകാർക്കു മോഹനൻ ഒരു കരുത്തായിരുന്നു. അനാരോഗ്യത്താൽ തുഴയലിൽനിന്നു മാറിയെങ്കിലും അനുഭവം മറ്റുള്ളവർക്ക് പാഠമായിരുന്നു. ചുണ്ടൻവള്ളം എന്നത് കേൾക്കുമ്പോൾ കുമരകംകാർക്ക് ആദ്യം ഓർമയിൽ എത്തുന്നത് കാക്കരേയം മോഹനനെയാണ്.
നെഹ്റു ട്രോഫി വള്ളംകളിക്ക് ഏതാനും ദിവസം മാത്രം ബാക്കിനിൽക്കെ മോഹന(73)ന്റെ വിയോഗം കുമരകത്തെ വള്ളംകളിപ്രേമികളെ ദുഃഖത്തിലാക്കി. കുമരകം ബോട്ട് ക്ലബ്ബിന്റെ പ്രതാപകാലത്ത് ചുണ്ടൻ വള്ളത്തിന്റെ ഒന്നാം തലയ്ക്കൽ ഇരുന്നു തുഴഞ്ഞിരുന്നതു മോഹനനാണ്.
മോഹനൻ ഒന്നാം തലയ്ക്കൽ ഇരുന്ന് തുഴയുന്ന ചുണ്ടൻ പുന്നമടയിൽ എത്തിയാൽ കുട്ടനാടൻ ബോട്ട് ക്ലബ്ബുകൾക്ക് വെല്ലുവിളിയായിരുന്നു.
തുഴച്ചലിന്റെ വേഗവും എതിരാളികളുടെ നീക്കങ്ങൾ മനസിലാക്കി സ്റ്റാർട്ടിംഗ് സമയത്ത് ആദ്യംതന്നെ തുഴച്ചിൽ തുടങ്ങാനുള്ള കഴിവും മോഹനനെ ഈ രംഗത്തു വ്യത്യസ്തനാക്കിയിരുന്നു. കുമരകം ബോട്ട് ക്ലബ് ഹാട്രിക് നേടുന്ന കാലത്ത് മോഹനനായിരുന്നു ഒന്നാം തുഴക്കാരൻ. പ്രായാധിക്യത്താൽ വള്ളംകളി രംഗത്തുനിന്ന് പിന്മാറിയെങ്കിലും കുമരകം ബോട്ട് ക്ലബ് ചുണ്ടൻവള്ളം തുഴയുമ്പോൾ തുഴച്ചിൽക്കാർക്ക് അനുഗ്രഹവുമായി എത്തുമായിരുന്നു. ഇനി മോഹനൻ ഇല്ലെന്നത് ബോട്ട് ക്ലബ്ബിനും കുമരകത്തെ വള്ളംകളി പ്രേമികൾക്കും തീരാനഷ്ടമാകും.