വൃത്തിയുടെ ജലോത്സവത്തെ വരവേറ്റ് ജലഘോഷയാത്ര
1586933
Wednesday, August 27, 2025 12:35 AM IST
ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവം ഹരിതചട്ടം പാലിച്ച് നടപ്പിലാക്കുന്നതിന്റെ പ്രചാരണാര്‍ഥം നഗരസഭ സംഘടിപ്പിച്ച ജലഘോഷയാത്ര നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ ഫ്ളാഗ് ഓഫ് ചെയ്തു. ഹരിതചട്ടം പാലിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ച് ബോധവത്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാല്‍പ്പാലത്തിനു സമീപത്തുനിന്നു കയാകിംഗ് വള്ളങ്ങളുടെ അകമ്പടിയോടെ സംഘടിപ്പിച്ച ജലഘോഷയാത്ര ശവക്കോട്ടപാലത്തിനു സമീപം സമാപിച്ചു.
വേമ്പനാട് കായലിലേക്ക് യാതൊരുവിധ മാലിന്യങ്ങളും വലിച്ചെറിയാന്‍ പാടില്ല എന്ന സന്ദേശം ഉയര്‍ത്തി കായലിനെ കാത്തു സൂക്ഷിക്കും എന്ന പ്രതിജ്ഞയോടെയാണ് ജലഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചത്. ജില്ലാഭരണകൂടം, നഗരസഭ, ഡിറ്റിപിസി, മുസ്രിസ് എന്നിവരുടെ നേതൃത്ത്വത്തില്‍ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സൗന്ദര്യവത്കരിച്ച കനാലിലൂടെ ആദ്യമായാണ് കയാക്കിംഗ് വള്ളങ്ങളുടെ ഘോഷയാത്ര സംഘടിപ്പിച്ചത്.
കേരള വേസ്റ്റ് മാനേജ്മെന്റിന്റെ സഹകരണത്തോടെ നഗരസഭ സംഘടിപ്പിച്ച ജലോത്സവ വിളംബര ഘോഷയാത്രയില്‍ ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ശുചിത്വ മിഷന്, ഹരിതകേരള മിഷന് എന്നിവര്‍ പങ്കാളികളായി.
ജലോത്സവം നടക്കുന്ന പ്രദേശവും സമീപ പ്രദേശങ്ങളും ഗ്രീന്‍ സോണ്‍ ആയി പ്രഖ്യാപിച്ച് പവലിയനിലും ഗ്യാലറിയിലും പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രകൃതി സൗഹൃദ ഉത്പന്നങ്ങളാലാണെന്ന് ഉറപ്പുവരുത്തും. പരസ്യ നോട്ടീസുകള്‍ ഗ്രീന്‍ സോണില്‍ പൂര്‍ണമായും ഒഴിവാക്കും. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പൂര്‍ണമായും ജലോത്സവം ഹരിതാഭമാക്കും.
വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ.എസ.് കവിത സ്വാഗതം പറഞ്ഞു.
സ്ഥിരം സമിതി അധ്യക്ഷ ആര്. വിനീത, കൗണ്‍സിലര്‍മാരായ ബി നസീര്‍, കെ.എസ്. ജയന്, രാഖി രജികുമാര്‍, സിമി ഷാഫിഖാന്‍, ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി. ഷിന്‍സ്, കെഎസ്ഡബ്ലിയു എംപി ജില്ലാ പ്രോഗ്രാം മാനേജര്‍ സുചിത്ര പണിക്കര്‍, ഹരിത കേരള മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. രാജേഷ്, ഹെല്‍ത്ത് ഓഫീസര്‍ കെ.പി. വര്‍ഗീസ്, നോഡല്‍ ഓഫീസര്‍ സി. ജയകുമാര്‍ എന്നിവര്‍പ്രസംഗിച്ചു.