നെല്‍കര്‍ഷകർ ഇന്ന് മങ്കൊമ്പ് പാഡി മാര്‍ക്കറ്റിംഗ് ഓഫീസ് വളയും
1586934
Wednesday, August 27, 2025 12:35 AM IST
ചങ്ങനാശേരി: നിലവില്‍ ആശങ്കയിലൂടെ കടന്നുപോകുന്ന നെല്‍കര്‍ഷക സമൂഹത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്തുകൊണ്ട് സപ്ലൈകോ പാഡി 2025-26 വര്‍ഷത്തെ നെല്ല് സംഭരണ നയം പ്രഖ്യാപിച്ചതില്‍ നെല്‍കര്‍ഷകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം.
2024-25 വര്‍ഷത്തെ പുഞ്ചകൃഷിയുടെ നെല്ലുവില പോലും പൂര്‍ണമായി ലഭ്യമാകാത്ത സാഹചര്യത്തില്‍ കടം വാങ്ങിയും വട്ടിപ്പലിശയ്ക്ക് പണം കണ്ടെത്തിയും 2025-26 വര്‍ഷത്തെ ഒന്നാം വിളക്ക് ഇറങ്ങിയ കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കുന്നതാണ് പുതിയ സംഭരണ നയമെന്ന് നെല്‍ കര്‍ഷകര്‍ അഭിപ്രായപ്പെട്ടു.
പുതിയ നെല്ലു സംഭരണ നയത്തിനെതിരേ നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മങ്കൊമ്പ് പാഡി മാര്‍ക്കറ്റിംഗ് ഓഫീസിന്റെ മുമ്പില്‍ ഇന്ന് രാവിലെ 10ന് പ്രതിഷേധാഗ്നി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സംഭരിച്ച നെല്ലു കുത്തി അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്തശേഷം കേന്ദ്ര സർക്കാരിന് കണക്കുകള്‍ സമര്‍പ്പിച്ച് പണം കിട്ടുമ്പോള്‍ തരാമെന്ന സപ്ലൈകോയുടെ നിലപാട് തീര്‍ത്തും കര്‍ഷക വിരുദ്ധമാണ്. കൂടാതെ സപ്ലൈകോ നിശ്ചയിക്കുന്ന സംഭരണ കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ നെല്ല് നേരിട്ടെത്തിക്കണമെന്നുള്ള നിബന്ധനയും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മറ്റൊന്നും സമ്മാനിക്കുന്നില്ല.
ഗുണനിലവാരത്തിന്റെ പേരില്‍ നിലവില്‍ കര്‍ഷകരെ പിഴിഞ്ഞെടുക്കുന്ന കിഴിവ് നയത്തിന് അടിവരയിടുന്നതാണ് പുതിയ നയപ്രഖ്യാപനം. കേന്ദ്രം അഞ്ചാമതും താങ്ങുവിലയിൽ ഒരു കിലോ നെല്ലിന് വര്‍ധിപ്പിച്ച 69 പൈസയുടെ വിലവര്‍ധന ഈ നയത്തിലും പ്രതിഫലിച്ചിട്ടില്ലെന്നത് ഖേദകരവും കുറ്റകരവുമായ സംസ്ഥാനത്തിന്റെ നെല്‍ കര്‍ഷക വിരുദ്ധ നിലപാടായി ചൂണ്ടിക്കാണിക്കുന്നതായും കര്‍ഷകര്‍ പറഞ്ഞു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഒപ്പിട്ട ധാരണപത്ര പ്രകാരം നെല്ലു സംഭരിച്ച് 48 മണിക്കൂറിനുള്ളില്‍ നെല്‍ കര്‍ഷകര്‍ക്ക് വില ലഭ്യമാക്കുമെന്നു പറഞ്ഞിരിക്കെ സപ്ലൈകോ പാഡിയുടെ നയമായി വന്നിരിക്കുന്ന പുതിയ തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്നും നെല്‍കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചിരുന്ന് ഈ വിഷയം ചര്‍ച്ച ചെയ്തു നെല്ലിന്റെ വില സമയബന്ധിതമായി ലഭ്യമാക്കാന്‍ വേണ്ട അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും നെല്‍ കര്‍ഷക സംരക്ഷണ സമിതി കോര്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് റെജീന അഷ്റഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലാലിച്ചന്‍ പള്ളിവാതുക്കല്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി വി.ജെ. ലാലി, കോഓർഡിനേറ്റര്‍ ജോസ് കാവനാട്, വൈസ് പ്രസിഡന്റുമാരായ ഷാജി മുടന്താഞ്ഞിലി, റോയി ഊരാംവേലി, വിശ്വനാഥപിള്ള ഹരിപ്പാട്, കെ.ബി. മോഹനന് വെളിയനാട്, പി. വേലായുധന് നായര്‍, സെക്രട്ടറി മാത്യു തോമസ്, ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു.