ക്രിക്കറ്റ് ബാറ്റിൽ കഞ്ചാവ് കടത്ത്; ചെങ്ങന്നൂരിൽ ഒരാൾ പിടിയിൽ
1586937
Wednesday, August 27, 2025 12:35 AM IST
ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ക്രിക്കറ്റ് ബാറ്റിൽ ഒളിപ്പിച്ച നിലയിൽ 14 കിലോ കഞ്ചാവ് പിടികൂടി. ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മാൾഡ സ്വദേശി റെയ്ബുൾ ഹക്കിനെ അറസ്റ്റ് ചെയ്തു. ഓണത്തോടനുബന്ധിച്ച് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. അസമിൽനിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന വിവേക് എക്സ്പ്രസ് ട്രെയിനിൽ ചെങ്ങന്നൂരിലിറങ്ങിയ ഇയാളെ പ്ലാറ്റ്ഫോമിൽ വച്ച് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി പരിശോധിക്കുകയായിരുന്നു. പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഏകദേശം ഒരുലക്ഷം രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.