ഓണത്തിരക്ക് ഒഴിവാക്കാന്‍ ചേര്‍ത്തല നഗരത്തില്‍ ഗതാഗത നിയന്ത്രണം
1586938
Wednesday, August 27, 2025 12:35 AM IST
ചേര്‍ത്തല: ഓണത്തിരക്ക് പ്രമാണിച്ച് ചേർത്തല നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്താൻ ട്രാഫിക് റഗുലേറ്ററി ക മ്മിറ്റി തീരുമാനിച്ചു. 30 മുതൽ സെപ്റ്റംബർ ഏഴുവരെയുള്ള കച്ചവടത്തിരക്കിന്റെ സമയത്ത് നഗരത്തിലെ ഗതാഗതതടസം ഒഴിവാക്കുന്നതിനായുള്ള ക്രമീകരണങ്ങൾ വരുത്തുന്നതിന് ചെയർപേഴ്സൺ ഷേർളി ഭാർഗവന്റെ അധ്യക്ഷതയിലുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു.
നിർമാണം ഏകദേശം പൂർത്തിയായ സെന്റ് മേരീസ് പാലം ഓണക്കാലത്ത് താത്കാലികമായി തുറന്നുനൽകുമെന്ന് പൊതുമരാമത്തുവകുപ്പ് പാലം വിഭാഗം അറിയിച്ചിട്ടുണ്ട്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ പറഞ്ഞു.
നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എസ്. സാബു, ശോഭാ ജോഷി, ഏലിക്കുട്ടി ജോൺ, നഗരസഭാ സെക്രട്ടറി റ്റി.കെ. സുജിത്ത്, ട്രാഫിക് എസ്ഐ പി.ജെ. സജി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി. ബിജു, ക്ലീൻ സിറ്റി മാനേജർ പി. സന്ദേശ്, ജനറൽ വിഭാഗം സൂപ്രണ്ട് റ്റി.എസ്. അജി, എന്‍ജിനിയറിംഗ് വിഭാഗം സൂപ്രണ്ട് റ്റി.എസ്. ബാബുജി തുടങ്ങിയവർ പങ്കെടുത്തു.
നടക്കാവ്-മാർക്കറ്റ്
റോഡ് വൺവേ ആകും
നടക്കാവ് - മാർക്കറ്റ് റോഡ് വൺവേ ആക്കിയതാണ് പ്രധാന പരിഷ്കാരം. കോട്ടയം അരൂക്കുറ്റി ഭാഗങ്ങളിൽനിന്നും നടക്കാവ് - മാർക്കറ്റ് ഭാഗത്തേക്കുവരുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ തെക്കോട്ടുവന്ന് സെന്റ് മേരീസ് പാലം വഴിയോ ചേർത്തല ദേവീക്ഷേത്രത്തിന്റെ തെക്ക്, വടക്ക് നടകളിലൂടെയോ വന്ന് പടിഞ്ഞാറേക്ക് പോകേണ്ടതാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേനട മുതൽ പടയണിപ്പാലം -നടക്കാവ് -മാർക്കറ്റ് -കമ്പിക്കാൽ ജംഗ്ഷൻ വരെയുള്ള റോഡ് വൺവേ ആയിരിക്കും. പടിഞ്ഞാറുനിന്നു കിഴക്കോട്ട് ഈ റോഡിൽ പ്രവേശനം അനുവദിക്കുന്നതല്ല.
കോട്ടയം-അരൂക്കുറ്റി ബസുകള്‍
കോട്ടയം, അരൂക്കുറ്റി ഭാഗത്തുനിന്നും വരുന്ന ബസുകൾ അപ്സരക്കവല - മിനിസിവിൽ സ്റ്റേഷൻ - സെന്റ് മേരീസ് പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. നിലവിൽ ഈ ഭാഗങ്ങളിൽനിന്നും വരുന്ന ബസുകൾ ഇരുമ്പുപാലം ഭാഗം വഴി ഇടത്തോട്ട് പോകുന്നത് നിരോധിക്കും.
ആലപ്പുഴ- അര്‍ത്തുങ്കല്‍ ബസുകള്‍
ആലപ്പുഴ- അർത്തുങ്കൽ- കണിച്ചുകുളങ്ങര ഭാഗത്തുനിന്നും വരുന്ന പ്രൈവറ്റ് ബസുകൾ മാർക്കറ്റ് റോഡിലേക്ക് പ്രവേശിക്കാതെ കമ്പിക്കാൽ ജംഗ്ഷനിൽനിന്നും യുവർ കോളജ് വഴി സെന്റ് മേരീസ് പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തണം. ഈ ദിശയിൽനിന്നുമുള്ള മറ്റ് വാഹനങ്ങളും ഈ വഴി പിന്തുടരണം. തിരികെ പോകുന്ന പ്രൈവറ്റ് ബസുകൾ മാർക്കറ്റിലെ വൺവേ വഴി പടിഞ്ഞാറോട്ട് പോകേണ്ടതാണ്.
പ്രൈവറ്റ് സ്റ്റാൻഡിൽനിന്നും കോട്ടയം-അരൂക്കുറ്റി ഭാഗത്തേക്കു പോകുന്ന പ്രൈവറ്റ് ബസുകൾ നിലവിൽ പോകുന്നതുപോലെ പടയണിപാലം - ഇരുമ്പ് പാലം ഭാഗം വഴി പോകണം. ടൗൺ സ്കൂളിന് മുൻവശമുള്ള വൺവേ ഈ ദിവസങ്ങളിൽ താത്കാലികമായി ഒഴിവാക്കാനും തീരുമാനിച്ചു.