സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് വധഭീഷണി
1586942
Wednesday, August 27, 2025 12:35 AM IST
മാന്നാർ: സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കും കുടുംബത്തിനുമെതിരേ വധഭീഷണിയെന്ന് പരാതി. പരുമല ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിബു വർഗീസിനുനേരേയാണ് മണ്ണ് മാഫിയയുടെ വധഭീഷണി ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച് ഷിബു വർഗീസ് പോലീസിൽ പരാതി നൽകി.
പരുമല ഹോസ്പിറ്റലിന് സമീപം അനധികൃതമായി ഭൂമി നികത്തുന്നതായി നാട്ടുകാരുടെ പരാതി വ്യാപകമായി ഉയർന്നതിനെ തുടർന്ന് സിപിഎം സെക്രട്ടറി അവിടെയെത്തി മണ്ണ് അടിക്കരുതെന്ന് ആവശ്യപ്പെട്ടു. വീട്ടുകാർ ഇത് അംഗീകരിക്കുകയും അടിക്കില്ലെന്ന് ഉറപ്പു നൽകുകയും ചെയ്തു.
എന്നാൽ, അടുത്തദിവസം മണ്ണടി ആവർത്തിച്ചതറിഞ്ഞ് വീണ്ടും സെക്രട്ടറിയെത്തിയപ്പോഴാണ് ഭീഷണി ഉയർന്നത്. മണ്ണടിക്ക് കരാർ എടുത്ത പരുമല സ്വദേശി തന്നെയും കുടുംബത്തെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.