റോഡ് പണി കഴിഞ്ഞത് അറിഞ്ഞില്ലേ ഇവർ!
1586944
Wednesday, August 27, 2025 12:35 AM IST
മങ്കൊമ്പ്: അറ്റകുറ്റപ്പണികളുടെ പേരില്‍ നിര്‍ത്തിവച്ച ഗതാഗതം ഒരു മാസമായിട്ടും പുനരാരംഭിക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം. തുരുത്തി-വാലടി റോഡിലൂടെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളാണ് കഴിഞ്ഞ ഒരു മാസമായി നിലച്ചിരിക്കുന്നത്. ദിവസേന നൂറുകണക്കിനു യാത്രക്കാര്‍ ആശ്രയിച്ചിരുന്ന റൂട്ടില്‍ ഇതോടെ യാത്രാക്ലേശം അതിരൂക്ഷമാണ്.
ചങ്ങനാശേരി ഡിപ്പോയില്‍നിന്നു കാവാലത്തേക്ക് ഇതുവഴി നടത്തിയിരുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിലവില്‍ പറാല്‍-കുമരംകരി വഴി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും കോട്ടയം ഡിപ്പോയില്‍നിന്നുള്ള കൃഷ്ണപുരം-കാവാലം സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. വെള്ളക്കെട്ടിനുള്ളില്‍ അപകടകരമാംവിധം തകര്‍ന്നു കിടന്നിരുന്ന റോഡിലെ വലിയകുഴികള്‍ അടയ്ക്കുന്ന ജോലികളിപ്പോള് പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്കൂള്‍ ബസുകളും മറ്റു ഭാരവാഹനങ്ങളുമെല്ലാം ഇതുവഴി കടന്നു പോകുന്നുമുണ്ട്.
കാൽനട ശരണം
കോട്ടയം ഭാഗത്തേക്കു ബസില്ലാത്തതിനാല്‍ വാലടി മുതല്‍ എംസി റോഡ് ഭാഗത്തേക്കു കാല്‍നടയായിട്ടാണ് നിരവധിയാളുകള്‍ യാത്ര ചെയ്യുന്നത്. സ്ഥിരം യാത്രക്കാരുടെ ദുരിതങ്ങള്‍ ഒഴിവാക്കാനായി കോട്ടയം ഡിപ്പോയുടെ ട്രിപ്പുകളെങ്കിലും അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അവശേഷിക്കുന്ന നിര്‍മാണം പൊതുഗതാഗതത്തെ പ്രതികൂലമായി ബാധിക്കാത്തവിധം ക്രമീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കണമെന്നും യാത്രക്കാരുടെ പ്രതിനിധികള്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഒാണക്കാലത്ത് സർവീസ് മുടങ്ങുന്നത് വ്യാപാരികൾക്കും തിരിച്ചടിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
നന്നാക്കി
കുളമാക്കിയോ?
മുളയ്ക്കാംതുരുത്തി വീയപുരം കെഎസ്ടിപി പദ്ധതിയുടെ പേരില്‍, തുരുത്തിയിലെ നല്ല റോഡ് പണിതു കുളമാക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വീതികുറഞ്ഞ റോഡിനിരുവശവും ആവശ്യമില്ലാതെ ഓട പണിതു നിലവിലുണ്ടായിരുന്ന സൗകര്യങ്ങള്‍ പോലും നശിപ്പിച്ചെന്നാണ് ആക്ഷേപം. നവീകരണജോലി ആരംഭിക്കുന്നതിന് മുന്‍പ് വെള്ളക്കെട്ടില്ലാതിരുന്ന പ്രദേശങ്ങളിലും ചെറിയ മഴ പെയ്താല്‍ പോലുമിപ്പോള്‍ വെള്ളക്കെട്ടാണ്. കൃഷിയില്ലാത്ത പാടശേഖരങ്ങളിലെ വെള്ളക്കെട്ട് റോഡിന്റെ തകര്‍ച്ചയ്ക്കു പ്രധാന കാരണമാണെന്നാണ് നാട്ടുകാരുടെ വാദം.
പന്പിംഗ് വേണം
മഴക്കാലത്തു പാടശേഖരങ്ങളില്‍ നിയന്ത്രിത പമ്പിംഗ് വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു നേരെ അധികൃതരുടെ അവഗണന തുടരുകയാണ്.
നെല്‍കൃഷിയുള്ളപ്പോള്‍ മാത്രം പാടശേഖരങ്ങളില്‍ പമ്പിംഗ് നടത്തിയാല്‍ മതിയെന്നുള്ള നിലവിലെ സര്‍ക്കാർ ചട്ടങ്ങള്‍ പരിഷ്കരിക്കണം.