മറ്റന്നാൾ മാറ്റുരയ്ക്കും ജലരാജാക്കന്മാർ
1587205
Wednesday, August 27, 2025 11:49 PM IST
എം.ജെ. ജോസ്
ആലപ്പുഴ: മറ്റന്നാൾ പുന്നമടക്കായലിൽ തീ പടരും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കുമെന്ന് അനൗദ്യോഗിക വിവരമുണ്ടെങ്കിലും സ്ഥിരീകരണമായില്ല. പ്രചാരണങ്ങളിലും മറ്റും വലിയ മുന്നേറ്റമുണ്ടായിട്ടുണ്ടെന്നു സംഘാടകർ പറയുന്നു.
ചുണ്ടൻമാർ ഉൾപ്പെടെ 71
വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങൾ. ചുണ്ടൻ 21, ചുരുളൻ 3, ഇരുട്ടുകുത്തി എ- 5, ഇരുട്ടുകുത്തി ബി - 18, ഇരുട്ടുകുത്തി സി - 14, വെപ്പ് എ 5, വെപ്പ് ബി-3, തെക്കനോടി തറ- 1, തെക്കനോടി കെട്ട് 1 എന്നിങ്ങനെയാണ് മറ്റ് മത്സരങ്ങൾ.
മത്സരങ്ങൾ രാവിലെ 11ന് ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് ആദ്യം.
വൈകുന്നേരം നാലു മുതൽ ഫൈനൽ മത്സരങ്ങൾ. വള്ളങ്ങളുടെ സമയക്രമം മിനിറ്റിനും സെക്കൻഡിനും ശേഷം മില്ലി സെക്കൻഡായും നിജപ്പെടുത്തും. ഫോട്ടോ ഫിനിഷിൽ കൂടുതൽ കൃത്യത ലഭിക്കും. യന്ത്രവത്കൃത സ്റ്റാർട്ടിംഗ് സംവിധാനവും സജ്ജം.
ബോട്ട് സർവീസ്
ജലോത്സവത്തിന് എത്തുന്നവർക്കായി കൂടുതൽ ബോട്ടുകളും ബസുകളും ഏർപ്പെടുത്തി. അയൽ ജില്ലകളിൽനിന്ന് രാവിലെയും വൈകിട്ടും സ്പെഷൽ സർവീസുകൾ. പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഹെൽപ് ഡെസ്കും ക്രമീകരിച്ചു.
പവലിയനിലേക്കു പോകുന്നവർ രാവിലെ 10ന് എത്തണം. അവർ ഡിടിപിസി ജെട്ടിയിലാണ് എത്തേണ്ടത്. ഹരിതചട്ടം പാലിച്ചാണ് ജലോത്സവം. കരയിലോ കനാലിലോ കായലിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ പിടിവീഴും. രാവിലെ പത്തിനു ശേഷം ഡിടിപിസി ജെട്ടി മുതൽ പുന്നമട കായലിലേക്കും തിരിച്ചും ബോട്ട് സർവീസ് അനുവദിക്കില്ല. സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാൻ പോലീസ് സജ്ജമാണ്.
5 ജെട്ടികളിൽ ബോട്ട് സർവീസ്
വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനാണ് പ്രാധാന്യം. പ്ലാറ്റിനം കോർണർ- മാളികയിൽ പേ ആൻഡ് പാർക്ക് ജെട്ടി, ഇൻവിറ്റേഷൻ പാസ്- രാജീവ് ജെട്ടി, വിവിഐപി ആൻഡ് പ്രസ് -ലേക്ക് പാലസ് ജെട്ടി, ടൂറിസ്റ്റ് ഗോൾഡ് -ഡിടിപിസി ജെട്ടി, റോസ് കോർണർ, വിക്ടറി ലൈൻ, ലേക്ക് വ്യു, ലോൺ - ടൂറിസം ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു സമീപം, ആൾ വ്യൂ- പോഞ്ഞിക്കര.