പോയൊരു പൊന്നിൻ ചിങ്ങനാളുകൾ...
1587206
Wednesday, August 27, 2025 11:49 PM IST
ഓർമകളുടെ സുഗസം ചാർത്തിയ നിറവാണ് ഓണവും ഓണത്തെക്കുറിച്ചുള്ള എന്റെ ബാല്യകാലസ്മരണകളും. ഗ്രാമവും വീടും ആഘോഷങ്ങളും ഓർമയിൽ മഴവില്ലഴകായ് വിരിഞ്ഞു നിൽക്കുന്നു.
നാടക സംഗീതരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആലപ്പി ഋഷികേശ് ഇപ്പോൾ അയർലൻഡിലാണ്. എന്തൊരു ചേലായിരുന്നു ആക്കാലം. സഹോദരി ആശയും കൂട്ടുകാരികളും ചേർന്ന് തറവാടിൻ്റെ മുറ്റത്തൊരുക്കുന്ന പൂക്കളങ്ങളിൽ ഞാനും പങ്കുചേരുമായിരുന്നു.
ഞൊങ്ങണം പുല്ലുകൊണ്ട് മാവേലി കെട്ടി "മാവേലി നാടുവാണീടുംകാലം മാനുഷ്യരെല്ലാരുമൊന്നു പോലെ "എന്ന് കൂട്ടം ചേർന്നു പാടി ഓരോ വീട്ടുമുറ്റത്തു ചെല്ലുന്നതും ഉപ്പേരിയും ശർക്കര പുരട്ടിയുമൊക്കെത്തിന്നുന്നതും...ഹാ...ഓണം ഒരുത്സവം തന്നെയായിരുന്നു.
രാത്രിയായാൽ അയൽപക്കക്കാരെല്ലാം ഒത്തുകൂടി കൈകൊട്ടിക്കളി, കോൽക്കളി, കുടമൂത്ത്, കുമ്മിയടിയൊക്കെ നടത്തിയിരുന്നു. അവിടെ കേൾക്കുന്ന ഈണവും താളവും ചേർന്ന പാട്ടും ചുവടുവയ്പ്പുമൊക്കെ എന്നിലെ സംഗീതത്തെ രൂപപ്പെടുത്താൻ കാരണമായി. അന്നൊക്കെ ഓണമായാൽ ക്ലബ്ബുകളിൽ നാട്ടിലെ കലാകാരന്മാരുടെ നാടകം ഉണ്ടാകും.
അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച് സംഗീതം കൈകാര്യം ചെയ്തതിനാൽ പിന്നീട് ആയിരത്തഞ്ഞൂറോളം നാടകങ്ങൾക്കു സംഗീത സംവിധായകനാവാൻ ഭാഗ്യമുണ്ടായി. കലാകാരന്മാരെ സംബന്ധിച്ച് ആഘോഷ ദിവസങ്ങൾ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ളതാണ്. പുത്തൻ പ്രതീക്ഷകളുടെ നല്ല സ്വപ്നങ്ങളും ചിന്തകളുമായി നമുക്ക് ഓണത്തെ വരവേൽക്കാം.
ആലപ്പി ഋഷികേശ് (സംഗീത സംവിധായകൻ)