ഭീകരതയ്ക്കെതിരേ മിസൈൽ ബ്ലാസ്റ്റുമായി മജീഷ്യൻ സാമ്രാജ്
1587210
Wednesday, August 27, 2025 11:49 PM IST
ആലപ്പുഴ: രാജ്യത്ത് വർധിച്ചുവരുന്ന ഭീകര ആക്രമണങ്ങൾക്കും ശത്രുരാജ്യങ്ങളുടെ കടന്നുകയറ്റത്തിനുമെതിരേ മിസൈൽ ബ്ലാസ്റ്റ് എസ്കേപ്പുമായി മജീഷ്യൻ സാമ്രാജ്.
അതിർത്തിയിൽ രാജ്യത്തിന്റെ സുരക്ഷയ്ക്കായി ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന സൈനികനെ ചതിയിലൂടെ പിടികൂടി ബന്ധിയാക്കി അത്യുഗ്ര വിനാശക ശേഷിയുള്ള മിസൈലിൽ അടയ്ക്കുന്നു. തുടർന്ന് വൻ സ്ഫോടനത്തിലൂടെ മിസൈലും അതിൽ ബന്ധിതനാക്കപ്പെട്ട, സൈനികനെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന മാന്ത്രികനെയും തകർക്കാൻ ഭീകരർ ശ്രമിക്കുന്നു. ശത്രുസൈന്യത്തിന്റെയും ഭീകരരുടെയും പദ്ധതികളെ നിർജീവമാക്കി ധീരമായി ആ സൈനികൻ രക്ഷപ്പെടുന്ന മാന്ത്രിക ദൃശ്യാവിഷ്കാരമാണ് ദ ഗ്രേറ്റ് മിസൈൽ ബ്ലാസ്റ്റ് എസ്കേപ്പ് എന്ന പേരിൽ മജീഷ്യൻ സാമ്രാജ് അവതരിപ്പിക്കുന്നത്.
ആലപ്പുഴയിൽ നടക്കുന്ന ഈ ദേശീയോദ്ഗ്രഥന മാജിക് ഷോ വരും ദിവസങ്ങളിൽ ഇന്ത്യയിലെ തെരഞ്ഞെടുക്കുന്ന വിവിധ സൈനിക ക്യാമ്പുകളിൽ അവതരിപ്പിക്കും.
ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ നിർത്തുന്ന ദ ഗ്രേറ്റ് മിസൈൽ ബ്ലാസ്റ്റ് എസ്കേപ്പിനുവേണ്ടിയുള്ള കുറ്റൻ മിസൈൽ അണിയറയിൽ ഒരുങ്ങുകയാണെന്ന് മജീഷ്യൻ സാമ്രാജ് പറഞ്ഞു. 18 അടി ഉയരവും 6 അടി വിസ്തീർണവുള്ള ലോഹം കൊണ്ടും ഫോം ഷീറ്റുകൊണ്ടും നിർമിച്ചിചിരിക്കുന്ന ഈ പടുകൂറ്റൻ മിസൈൽ ചെന്നൈയിൽനിന്നു എത്തിയ പ്രത്യേക സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ഒരുങ്ങുന്നത്.
മജീഷ്യൻ സാമ്രാജ്, കേണൽ വിജയകുമാർ, അർജുന പി.ജെ. ജോസഫ്, ചിക്കൂസ് ശിവൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.