ആനപ്രമ്പാല്‍ ഗവ. എല്‍പി സ്കൂള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍
1587217
Wednesday, August 27, 2025 11:49 PM IST
എടത്വ: കോഴിമുക്ക് ഗവ. എല്‍പി സ്കൂളിനു പിന്നാലെ തലവടി ആനപ്രമ്പാല്‍ ഗവ. എല്‍പി സ്കൂളും അടച്ചുപൂട്ടലിന്റെ വക്കില്‍. കരാര്‍ ഏറ്റെടുത്ത് നാലു വര്‍ഷം പിന്നിട്ടിട്ടും പണി ആരംഭിച്ചില്ല. പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍. നൂറ്റാണ്ടുകളുടെ പൈതൃകമുള്ള തലവടി പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ആനപ്രമ്പാല്‍ ഗവ. എല്‍പി സ്കൂളിനാണ് ഫിറ്റ്നസ് നഷ്ടപ്പെടാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്നത്.
മൂന്നു കെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളിലെ രണ്ടു കെട്ടിടം കാലപ്പഴക്കത്താല്‍ നശിച്ച് ഫിറ്റ്നസ് നഷ്ടപ്പെട്ടിരുന്നു. ബാക്കിയുണ്ടായിരുന്ന ഒരു കെട്ടിടത്തിന് താത്കാലിക ഫിറ്റ്നസ് നല്‍കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. 31ന് നിലവിലുള്ള കെട്ടിടത്തിന്റെ ഫിറ്റ്നസ് കാലാവധി കഴിയുകയാണ്. ഓണാവധിക്ക് വീട്ടില്‍ പോകുന്ന കുട്ടികള്‍ അവധി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ നിലവിലുള്ള കെട്ടിടത്തില്‍ പഠിക്കാന്‍ അനുമതി ലഭിക്കില്ല.
സ്കൂളിന്റെ മേല്‍ക്കൂര ആസ്പറ്റോസ് ഷീറ്റിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ഷീറ്റിന് അനുമതി ഇല്ലാത്തതിനാല്‍ മേല്‍ക്കൂര മാറ്റാനായി നാലുവര്‍ഷം മുന്‍പ് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. ആറുമാസത്തെ കാലാവധിയിലാണ് കരാര്‍ നല്‍കിയത്. കരാര്‍ കാലാവധി കഴിഞ്ഞ് മൂന്നരവര്‍ഷം പിന്നിട്ടിട്ടും ഇതുവരെ പണി ആരംഭിച്ചിരുന്നില്ല.
പഞ്ചായത്ത് കരാറുകാരന് പിഴ ചുമത്തിയെന്ന് പറയുമ്പോഴും ഇയാളെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടി സ്വീകരിച്ചില്ല. ഇന്നലെ രക്ഷിതാക്കള്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയിരുന്നു. സ്കൂള്‍ ഫിറ്റ്നസ് നീട്ടി നല്‍കാമെന്നും ഓണാവധിക്കുശേഷം സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് മേല്‍ക്കൂര പുതുക്കി പണിയാമെന്നാണ് പഞ്ചായത്ത് എഇ രക്ഷിതാക്കളെ അറിയിച്ചത്.
പ്രദേശത്തെ സാധാരണക്കാരുടെ കുട്ടികളാണ് അധികവും പഠിക്കുന്നത്. സ്കൂള്‍ പൂര്‍ണമായി അടച്ചുപൂട്ടിയാല്‍ വിദ്യാര്‍ഥികളുടെ ഈ വര്‍ഷത്തെ അധ്യയനം അവതാളത്തിലാകാനാണ് സാധ്യത. തലവടി പഞ്ചായത്ത് അധിക്യതര്‍ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പ്രതിഷേധ നടപടി സ്വീകരിക്കുമെന്ന് രക്ഷിതാക്കള്‍ രേഖാമൂലം പഞ്ചായത്തില്‍ ധരിപ്പിച്ചിട്ടുണ്ട്.
കോഴിമുക്ക് ഗവ. എല്‍പി സ്കൂളിലും സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കെട്ടിടം നിര്‍മിച്ച് മൂന്നുവര്‍ഷം പിന്നിട്ടെങ്കിലും വരാന്തയുടെ കൈവിരി നിര്‍മാണമാണ് ഫിറ്റ്നസ് ലഭിക്കാതെ കിടന്നത്. പഴയ കെട്ടിടം തകര്‍ച്ചയില്‍ എത്തിയതോടെ രക്ഷിതാക്കള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും പുതിയ കെട്ടിടത്തിന് താത്കാലിക ഫിറ്റ്നസ് നല്കി പഠനം ആരംഭിക്കുകയും ചെയ്തിരുന്നു. ക്ലാസ് ആരംഭിച്ച് ഒരുമാസം പിന്നിട്ടെങ്കിലും കൈവിരി നിര്‍മാണം ആരംഭിച്ചില്ല.