ലോറി ഡ്രൈവറുടെ നഷ്ടപ്പെട്ട പണം തിരികെ നൽകി മാതൃകയായി
1587475
Thursday, August 28, 2025 11:42 PM IST
കായംകുളം: ടിപ്പർലോറി ഡ്രൈവറുടെ നഷ്ടപ്പെട്ട പണം തിരികെ നൽകി നാടൻപാട്ട് കലാകാരന്മാർ മാതൃകയായി. നൂറനാട് സ്വദേശിയായ ഡ്രൈവർ വിനോദിന്റെ നഷ്ടപ്പെട്ട 39,000 രൂപ തിരികെ നൽകിയാണ് നാട്ടുമൊഴി നാടൻപാട്ട് കലാകാരന്മാരായ കരുനാഗപ്പള്ളി സ്വദേശി ഇർഷാദ് കിളിമാനൂർ സ്വദേശി വിശാഖ് എന്നിവർ സത്യസന്ധതയ്ക്കു മാതൃകയായത്.
ഇരുവരും അമ്പലപ്പുഴ ഗവ. കോളജിൽ ഓണാഘോഷത്തിന് നാടൻപാട്ട് പരിപാടി അവതരിപ്പിച്ച് മടങ്ങുമ്പോഴാണ് ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങരയിൽ റോഡരികിൽനിന്നു പണം ലഭിച്ചത്. ആദ്യം ആരെങ്കിലും അന്വേഷിച്ച് വരുമോ എന്നു കാത്തുനിന്നെങ്കിലും ആരും എത്തിയില്ല. പിന്നീട് സോഷ്യൽ മീഡിയയിൽ പണം നഷ്ടപ്പെട്ട വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ഉടമയായ വിനോദിനെ വിളിച്ച് പണം തിരികെ നൽകുകയായിരുന്നു.
നാട്ടുമൊഴിയുടെ കലാരംഗത്ത് സജീവരായ ഇർഷാദും വിശാഖും കുടുംബജീവിതത്തിലെ ബുദ്ധിമുട്ടുകൾക്കിടയിലും ചെറിയ ചെറിയ കലാപരിപാടികളിലൂടെയാണ് ഉപജീവനം തേടുന്നത്. ഇർഷാദ് കായംകുളം കെപിഎസിക്കു സമീപം വാടകയ്ക്ക് താമസിക്കുകയാണ്. ടിപ്പർ ലോറി ഓടികിട്ടിയ വിനോദിന്റെ പണമാണ് കഴിഞ്ഞദിവസം കായംകുളം ദേശീയപാതയിൽ നഷ്ടപ്പെട്ടത്. കായംകുളം പോലീസിൽ പരാതിയും നൽകി. പണം നഷ്ടപ്പെട്ട വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ഉടമയെ കണ്ടെത്താനും അത് സഹായകമായി.