വോട്ടർപട്ടികയിൽ ക്രമക്കേട്; പ്രതിഷേധവുമായി യുഡിഎഫ്
1587476
Thursday, August 28, 2025 11:42 PM IST
കായംകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടേഴ്സ് ലിസ്റ്റിൽ കായംകുളം നഗരസഭ വാർഡുകളിൽ വലിയതോതിൽ വോട്ടർപട്ടികയിൽ ആളുകളുടെ പേരുകൾ വെട്ടിയൊതുക്കിയതായി ആരോപണം.
ഇതിനെതിരേ യുഡിഎഫ് പ്രതിഷേധവുമായി രംഗത്ത്. ഇടതു സംഘടനയുടെ നഗരസഭാ ജീവനക്കാരുടെ പിന്തുണയോടുകൂടി സിപിഎം സംഘടിതമായ വോട്ട് വെട്ടാൻ ശ്രമം നടത്തുകയാണെന്ന ആക്ഷേപവുമായിട്ടാണ് പ്രതിപക്ഷ യുഡിഎഫ് അംഗങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
നഗരസഭയിലെ മുസ്ലിം ലീഗിലെ പി.കെ. അമ്പിളി പ്രതിനിധാനം ചെയ്യുന്ന ടൗൺ ഒമ്പതാം വാർഡിലെ 150ഓളം വോട്ടർമാരെ സിപിഎം വ്യാജ പരാതിയിലൂടെ മാറ്റാൻ തീരുമാനിച്ചെന്നാണ് യുഡിഎഫ് ആരോപണം. ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കി വോട്ടേഴ്സ് ലിസ്റ്റിൽനിന്നു വെട്ടിമാറ്റിയതായും പരാതി ഉയർന്നിട്ടുണ്ട്. ജനപിന്തുണ നഷ്ടപ്പെട്ട ഇടതുമുന്നണി വോട്ട് മോഷണത്തിലൂടെ വീണ്ടും അധികാരത്തിൽ വരാൻ നോക്കുന്നത് വ്യാമോഹം മാത്രമാണെന്നും കായംകുളം നഗരസഭയിലെ മുഴുവൻ വാർഡുകളിലും വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നുവരികയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.