വഴിത്തർക്കത്തിനിടെ ഉന്തുംതള്ളും: വയോധികൻ മരിച്ചു
1263061
Sunday, January 29, 2023 10:29 PM IST
പിറവം: നടപ്പുവഴി സംബന്ധിച്ചുള്ള വാക്കുതർക്കത്തിനിടെ ഉണ്ടായ ഉന്തിലുംതള്ളിലും വീണു പരിക്കേറ്റ വയോധികൻ മരിച്ചു. രാമംഗലം കിഴുമുറി നടുവിലേടത്ത് എൻ.ജെ. മർക്കോസ് (80) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ വീടിനു സമീപത്തായിരുന്നു സംഭവം. ഉന്തിലും തള്ളിനുമിടെ വീണ മർക്കോസിനെ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് 10ന് രാമമംഗലം സെന്റ് ജേക്കബ് ക്നാനായ വലിയ പള്ളിയിൽ. ഭാര്യ: അന്നമ്മ രാമമംഗലം തൊണ്ണാങ്കുഴിയിൽ കുടുംബാംഗം. മക്കൾ; ആലീസ്, സാബു (സെക്യൂരിറ്റി സൂപ്പർവൈസർ വൈറ്റില മൊബിലിറ്റി ഹബ്), ബീന. മരുമക്കൾ: ആനി, ഒ.എം. യാക്കോബ് (ഒലിയപ്പുറത്ത് സ്റ്റോഴ്സ് രാമമംഗലം), പരേതനായ പി.എം. ചാക്കോ.
സംഭവത്തിൽ മർക്കോസിന്റെ മകൻ സാബു നല്കിയ പരാതിയിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിലെടുത്തു. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി ഇവരെ പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ തളർന്നു വീഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
രാമമംഗലം ക്നാനായ വലിയ പള്ളി വികാരിയായിരുന്ന നടുവിലേടത്ത് ജേക്കബ് കോറെപ്പിസ്കോപ്പയുടെ ജ്യേഷ്ഠ സഹോദരനാണ് മരിച്ച മർക്കോസ്. രാമമംഗലം സർവീസ് സഹകരണ ബാങ്ക് മുൻ ഭരണ സമിതിയംഗമാണ്.