സ്കൂൾ മതിൽക്കെട്ട് ഉന്തു വണ്ടിയിലേക്കു ഇടിഞ്ഞ് വീണു
1339606
Sunday, October 1, 2023 5:35 AM IST
മൂവാറ്റുപുഴ: ശക്തമായ മഴയെ തുടർന്ന് സ്കൂളിന്റെ മതിൽക്കെട്ട് ഉന്ത് വണ്ടിയിലേയ്ക്ക് ഇടിഞ്ഞ് വീണു. മൂവാറ്റുപുഴ നെഹ്റുപാർക്കിന് സമീപം ടൗണ്‍ യുപി സ്കൂളിന്റെ മതിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഭീകര ശബ്ദത്തോടെ ഇടിഞ്ഞ് വീണത്.
അപകടത്തിൽ ഉന്ത് വണ്ടിയിലുണ്ടായിരുന്ന ലോട്ടറി വില്പനക്കാരൻ സുബ്രഹ്മണ്യൻ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.
എംസി റോഡിലേയ്ക്കും നടപ്പാതയിലേയ്ക്കുമാണ് മതിൽ അടർന്ന് വീണത്. സ്കൂൾ പ്രവൃത്തി ദിനമല്ലാതിരുന്നതിനാലും നടപ്പാതയിൽ കാൽനട യാത്രക്കാർ ഇല്ലാതിരുന്നതിനാലും വൻ അപകടം ഒഴിവായി. അപകടത്തെതുടർന്ന് കുറച്ചു നേരത്തേക്ക് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി ഇടിഞ്ഞു വീണ മതിൽ നീക്കം ചെയ്തു.