പാറമടയുടെ പ്രവർത്തനം തടഞ്ഞ് ഡ്രൈവേഴ്സ് യൂണിയൻ
1394170
Tuesday, February 20, 2024 6:40 AM IST
കോതമംഗലം: കരിങ്കല്ലിന് അമിതമായി വില വർധിപ്പിച്ചെന്ന് ആരോപിച്ച് ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പാറമടയുടെ പ്രവർത്തനം തടഞ്ഞു. പിടവൂർ മൈലാടുംപാറയിലെ പാറമടയ്ക്കെതിരേയാണ് ഡ്രൈവേഴ്സ് യൂണിയൻ പ്രതിഷേധിച്ചത്.
ഒരു അടി കരിങ്കല്ലിന് 37 മുതൽ 40 രൂപ വരെയാണ് പുതുക്കിയ വില. ഇത് ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തിന് വിരുദ്ധമാണെന്ന് ഡ്രൈവർമാർ ആരോപിച്ചു. കരിങ്കല്ലിന് തോന്നിയ വിലയാണ് വിവിധ പ്രദേശങ്ങളിലെ പാറമടകൾ ഈടാക്കുന്നത്. ഒരു അടി പാറയ്ക്ക് ഒരു വർഷത്തിനിടെ പത്ത് രൂപയുടെ വരെ വർധനയുണ്ടായി. അനുബന്ധ ഉത്പന്നങ്ങൾക്ക് ക്രഷറുകളും ആനുപാതിക വില വർധന വരുത്തി. വീടും കെട്ടിടങ്ങളും നിർമിക്കുന്നവർ മറ്റ് മാർഗങ്ങളില്ലാതെ എന്ത് വിലകൊടുത്തും പാറക്കല്ലും ക്രഷർ ഉത്പന്നങ്ങളും വാങ്ങേണ്ട ഗതികേടിലുമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി.
കോതമംഗലം താലൂക്കിൽ ഇപ്പോൾ പ്രവർത്തനത്തിലുണ്ടായിരുന്ന ഏക പാറമടയായിരുന്നു പിടവൂരിലേത്. പാറക്കല്ലിന്റെയും പാറ മണലിന്റെയും മെറ്റലിന്റെയും ലഭ്യത കുറഞ്ഞതുമൂലം നിർമാണമേഖലയും പ്രതിസന്ധിയിലാണ്.
ഉതപ്ന്നങ്ങൾക്ക് വില വർധിപ്പിക്കാൻ കൂടിയാണ് പല പാറമടകളും ക്രഷറുകളും പ്രവർത്തനം നിറുത്തിയിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.