ആലുവ ശിവരാത്രി വ്യാപാരമേള : നഗരസഭ ജാഗ്രതക്കുറവ് കാണിച്ചു- ബിജെപി
1394175
Tuesday, February 20, 2024 6:40 AM IST
ആലുവ: ശിവരാത്രിയുമായി ബന്ധപ്പെട്ട കരാർ നടപടികളിൽ ചെയർമാനും ഭരണസമിതിയും ജാഗ്രത പാലിക്കേണ്ടതായിരുന്നെന്ന് ബിജെപി കുറ്റപ്പെടുത്തി. ശിവരാത്രി നന്നായി നടക്കണമെന്നുള്ള ആവശ്യംകൊണ്ടും നഗരസഭയുടെ അപ്പീലിനെ ബിജെപി പിന്തുണക്കുന്നുവെന്ന് ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാറും മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാറും അറിയിച്ചു.
ടെൻഡർ തുക നിശ്ചിത സമയത്ത് ഒടുക്കാതിരുന്ന ആദ്യ കരാറുകാരന്റെ കഴിവിൽത്തന്നെ ചോദ്യങ്ങളുയരുന്നുണ്ട്. ഇത് മനസിലാക്കുന്നതിൽ ഭരണസമിതി പൂർണമായും പരാജയപ്പെട്ടു.
ജനുവരി 29ന് ജി എസ്ടിയും ഗ്യാരണ്ടിയുമടക്കം ഏകദേശം 1.48 കോടി രൂപയാണ് അടയ്ക്കേണ്ടിയിരുന്നത്. എന്നാൽ 16 ലക്ഷം രൂപയാണ് അന്നേ ദിവസം ആകെ അടച്ചിരുന്നത്. പിന്നീട് ഫെബ്രുവരി ഒന്നിന് ആകെ തുക 50 ലക്ഷത്തോളം നിക്ഷേപിച്ചു. അപ്പോഴും ജിഎസ്ടി അടക്കം ഒരു കോടിക്കടുത്ത് ബാക്കി നിൽക്കുകയായിരുന്നു. അന്നേദിവസം കൂടിയ കൗൺസിലിൽ മുഴുവൻ തുകയും രണ്ടാം തീയതി അടയ്ക്കണമെന്നും അല്ലാത്ത പക്ഷം ടെൻഡർ റദ്ദാക്കണമെന്ന കൗൺസിൽ തീരുമാനത്തിനോട് ബിജെപി യോജിക്കുകയായിരുന്നു.
ഈ അവസരത്തിൽ ശിവരാത്രി എന്ന ആലുവയുടെ അഭിമാനമായ ഉത്സവം ഭംഗിയായി നടക്കുക എന്നത് മുന്നിൽകണ്ട് ബിജെപി തീരുമാനത്തോട് സഹകരിച്ചത്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ തുക അടയ്ക്കുന്നതിന് വേഗതയേറിയ ആർടിജിഎസ് സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് പകരം ചെക്ക് നഗരസഭയുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിച്ചത് സമയം വൈകിപ്പിക്കാനാണെന്ന് സംശയമുയരുന്നുണ്ട്. മാത്രമല്ല നിക്ഷേപിച്ച ചെക്കിലൊന്ന് പിന്നീട് മടങ്ങിയതായും അറിയുന്നു. ആദ്യ ടെൻഡർ നേടിയ സ്ഥാപനത്തിന്റെ പല നടപടികളിലും അവരുടെ പരിപാടി നടത്തുന്നതിള്ള കഴിവിനെക്കുറിച്ചു സംശയമുയരുന്നതായും ബിജെപി പത്രപ്രസ്താവനയിൽ ആരോപിച്ചു.
പ്രതിഷേധ മാർച്ച്
ആലുവ: ശിവരാത്രി വ്യാപാരമേള കരാറിൽ അഴിമതിയാരോപിച്ച് ഇടതു മുന്നണിയുടെ നേതൃത്വത്തിൽ ആലുവ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മുൻ ജിസിഡിഎ ചെയർമാൻ വി. സലീം ഉദ്ഘാടനം ചെയ്തു.