കാട്ടാന ആക്രമണത്തിൽ പ്ലാന്റേഷൻ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
1394669
Thursday, February 22, 2024 3:59 AM IST
കാലടി: കാട്ടാനയുടെ ആക്രമണത്തിൽ പ്ലാന്റേഷൻ തൊഴിലാളിക്ക് ഗുരുതര പരിക്ക്. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളിയിൽ ഡിവിഷൻ 16ൽ രാവിലെ ടാപ്പിംഗിന് പോയ തൊഴിലാളി പാറേക്കാടൻ ബിജുവിനാണ് (50) പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലടി പ്ലാന്റേഷനിലെ 16-ാം ബ്ലോക്കിൽ ജോലിക്കെത്തിയതായിരുന്നു ബിജുവും സംഘവും. ഈ സമയം കാട്ടാനക്കൂട്ടം ഇവിടെ തമ്പടിച്ചിരുന്നു. ഇവയെ തുരത്താനുള്ള ശ്രമത്തിനിടയിൽ ആനക്കൂട്ടം തെഴിലാളികൾക്ക് നേരെ തിരിയുകയായിരുന്നു.
ആന ഇവർക്കു നേരെ പാഞ്ഞടുക്കുന്നതു കണ്ട് തൊഴിലാളികൾ ചിതറി ഓടുകയും ഓട്ടത്തിനിടെ ബിജു നെഞ്ചടിച്ചു വീഴുകയുമായിരുന്നു. വീഴ്ചയിൽ ബിജുവിന് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ഒച്ചവച്ച് ആനക്കൂട്ടത്തെ ഓടിച്ചശേഷം ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.