പൂണിത്തുറ : സിപിഎമ്മിലെ കൂട്ടത്തല്ല്; ആറു പേർ അറസ്റ്റിൽ
1459439
Monday, October 7, 2024 4:56 AM IST
മരട്: മുൻ ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ ഉയർന്ന സാമ്പത്തിക പരാതി ചർച്ച ചെയ്യാൻ നടന്ന സിപിഎം പൂണിത്തുറ ലോക്കൽ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന പാർട്ടി ഭാരവാഹികളുടെ കൂട്ടത്തല്ലിൽ പ്രതികളായ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ ബൈജു (35), സൂരജ് ബാബു (36), പാർട്ടിയംഗങ്ങളായ കെ.ബി.സൂരജ്, സുരേഷ് ബാബു, പ്രസാദ്, ബാബു എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിപ്പട്ടികയിലുള്ള കെ.എസ്. സനീഷ്, സുനിൽ കുമാർ എന്നിവർ ഒളിവിലാണ്.
പാർട്ടി ലോക്കൽ കമ്മിറ്റിയംഗമായ പൂണിത്തുറ കൊട്ടാരം റോഡ് മഠത്തിപ്പറമ്പ് മഠം അനിൽകുമാറി(45)ന്റെ പരാതിയിലാണ് പോലീസ് നടപടി.
സിപിഎം അനുഭാവികളായ പ്രതികളെ കൺസ്യൂമർ സ്റ്റോറിലെയും മറ്റും ക്രമക്കേടിന്റെ പേ രിൽ പാർട്ടിയിൽ തരം താഴ്ത്തിയതിലുള്ള വിരോധം നിമിത്തം പ്രതികൾ സംഘം ചേർന്ന് ശനിയാഴ്ച രാത്രി 9.10ഓടെ പാർട്ടിയുടെ പൂണിത്തുറ ലോക്കൽ കമ്മിറ്റി കഴിഞ്ഞ് പുറത്തേക്കിറങ്ങി വന്ന അനിൽകുമാറിനെ ഇടിക്കട്ട ഉപയോഗിച്ച് മർദിക്കുകയും ഇതു കണ്ട് തടയാൻ വന്ന അനിൽ കുമാറിന്റെ സുഹൃത്തുക്കളും പാർട്ടി അംഗങ്ങളുമായ മരട് ഈരേപ്പാടത്ത് സന്തോഷ് (53), മരട് പീടിയേക്കൽ പറമ്പ് സത്യദേവൻ (62) എന്നിവരെയും പ്രതികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.
പരിക്കേറ്റ മൂന്നു പേരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അടിപിടിയെ തുടർന്ന് ശനിയാഴ്ച രാത്രി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ പ്രതികളിൽ ആറു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിശദീകരിക്കാൻ പാർട്ടി പാടുപെടും
കൊച്ചി: വിവാദമായ സിപിഎം പൂണിത്തുറ ലോക്കൽ സമ്മേളനം, മുൻ ലോക്കൽ കമ്മിറ്റിയംഗമായ പി. ദിനേശനെതിരെ ഉയർന്ന സാമ്പത്തിക പരാതി ചർച്ച ചെയ്യാൻ നടന്നതാണെന്നാണ് വിവരം. ഒരു വനിതാ അംഗം ഉയർത്തിയ പരാതിയെ തുടർന്ന് കമ്മിറ്റിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങളും അസഭ്യ വിളികളുമുണ്ടായെന്നാണ് പറയപ്പെടുന്നത്. പിന്നീട് പുറത്തേക്കിറങ്ങിയപ്പോഴാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ച് സെക്രട്ടറിമാരുൾപ്പെട്ട സംഘം പാർട്ടി ഭാരവാഹികളുമായി തർക്കിച്ചതും തുടർന്നുണ്ടായ വാക്കേറ്റം അടിപിടിയിലെത്തിയതും.
സിപിഎം പാർട്ടി സമ്മേളനങ്ങളിലേക്ക് കടന്നിരിക്കെ സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കളുടെ നേതൃത്വത്തിൽ നടന്ന കൂട്ടത്തല്ലും അറസ്റ്റും ജില്ലയിൽ തന്നെ പാർട്ടിക്ക് നാണക്കേടായി മാറി. പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ബ്രാഞ്ച് സമ്മേളനങ്ങൾ ഓരോ ഏരിയയിലും നടന്നു വരികയാണ്.
ഇതിനിടെ പൂണിത്തുറ ലോക്കൽ കമ്മിറ്റിയിലുണ്ടായ പൊട്ടിത്തെറി ഇനി നടക്കാനിരിക്കുന്ന ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിലും രൂക്ഷമായ വാദപ്രതിവാദങ്ങൾക്കിടയാക്കും. മർദിച്ചവരും മർദനമേറ്റവരും പാർട്ടിക്കാർ തന്നെയായതോടെ ഇതേക്കുറിച്ച് വിശദീകരിക്കാൻ പാർട്ടി ഏറെ വിയർപ്പൊഴുക്കേണ്ടി വരും.