കുതിപ്പ് തുടര്‍ന്ന് നിര്‍മല പബ്ലിക് സ്കൂള്‍
1460027
Wednesday, October 9, 2024 8:25 AM IST
മൂവാറ്റുപുഴ: സിബിഎസ്ഇ സെന്‍ട്രല്‍ കേരള സഹോദയ സ്കൂൾ കലോത്സവം "സര്‍ഗധ്വനി'യിൽ ആതിഥേയരായ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ 649 പോയിന്റുമായി കുതിപ്പ് തുടരുകയാണ്. വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂള്‍ 544 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.
തൊടുപുഴ വിമല പബ്ലിക് സ്കൂള്‍ (399), വാളകം ബ്രൈറ്റ് പബ്ലിക് സ്കൂള്‍ (393), തൊടുപുഴ ഡി പോള്‍ സ്കൂള്‍ (371), തൊടുപുഴ ജയ് റാണി പബ്ലിക് സ്കൂള്‍ (370), അങ്കമാലി എടക്കുന്ന് നൈപുണ്യ പബ്ലിക് സ്കൂള്‍ (367), മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂള്‍ (350), കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂള്‍ (349), തൊടുപുഴ മുട്ടം ശാന്താള്‍ ജ്യോതി പബ്ലിക് സ്കൂള്‍ (322) എന്നിങ്ങനെയാണ് ആദ്യ 10 സ്ഥാനത്തുള്ളവരുടെ പോയിന്റ് നില.
ആനുകാലിക വിഷയങ്ങളുമായി മൈം
മൂവാറ്റുപുഴ: ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളുമായി അരങ്ങിലെത്തിയ മൈം കലാകാരന്മാർ വ്യത്യസ്തത കൊണ്ട് ഏവരുടെയും ശ്രദ്ധേ നേടി. 17 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഭൂരിപക്ഷവും വയനാട് ദുരന്തമാണ് ഇതിവൃത്തമാക്കിയത്. പാരാ ഒളിമ്പിക്സ് വിഷയമാക്കിയ തൃപ്പൂണിത്തുറ കണ്ടനാട് എം.ജി.എം. പബ്ലിക് സ്കൂളിനാണ് ഒന്നാം സ്ഥാനം.
അംഗപരിമിതിയുള്ള കുട്ടി ഓട്ടമത്സരത്തിനിടെ വീഴുമ്പോള്‍ ആര്‍ത്തലച്ച് കളിയാക്കുന്ന കാണികളിലൂടെ തുടങ്ങിയ മൈം കഠിനാധ്വാനത്തിന് ഒടുവില്‍ ഇതേ കുട്ടി പാരാ ഒളിമ്പിക്സില്‍ സ്വർണ മെഡല്‍ നേടുന്ന രംഗത്തോടെയാണ് അവസാനിക്കുന്നത്.
ടി.ആര്. അഭിനവ്, മരിയ ബാബു, ഹന്‍സിക എബി, ഗീതിക സുബിന്, അന്‍വിദ പ്രവീണ്‍, ജോഹന്‍ ജോര്‍ജ് പോള്‍, വിജ്വല്‍ വിപിന്‍ എന്നിവരാണ് അരങ്ങിലെത്തിയത്. സോഷ്യല്‍ മീഡിയ ആസക്തി വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നതിന്റെ പ്രതീകാത്മക ചിത്രീകരണവുമായും ടീമുകള്‍ എത്തി. പഠനത്തില്‍ മുന്‍പന്തിയിലായിരുന്ന വിദ്യാര്‍ഥി സോഷ്യല്‍ മീഡിയ സുഹൃത്തിന്റെ ചതിക്കുഴിയില്പ്പെടുകയും തിരിച്ചുവരാനാകാത്ത വിധം ജീവിതം താറുമാറാവുകയും ചെയ്യുന്നതായിരുന്നു പ്രമേയം. കറുത്ത വസ്ത്രങ്ങളണിഞ്ഞ് ആര്‍ത്ത് അട്ടഹസിച്ച് ചതിക്കുഴിയൊരുക്കുന്ന വില്ലന്‍ കഥാപാത്രങ്ങളായാണ് ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ടിക്ടോക്കും അരങ്ങിലെത്തിയത്. സോഷ്യല്‍ മീഡിയയ്ക്ക് അടിമയായ വിദ്യാര്‍ഥിയെ ഇരയെന്നാണ് ഈ സംവിധാനങ്ങള്‍ വിശേഷിപ്പിക്കുന്നത്.
"സർഗധ്വനി'യ്ക്ക് ഇന്നു കൊടിയിറക്കം
മൂവാറ്റുപുഴ: സിബിഎസ്ഇ സെൻട്രൽ സഹോദയ കലോത്സവം "സർഗധ്വനി'ക്ക് ഇന്നു സമാപനം. മൂന്നാം ദിനത്തിലേക്കെത്തിയ കലയുടെ കേളികൊട്ടിനു കൊടിയിറങ്ങുന്പോൾ, കൗമാരകലാ പ്രതിഭകളുടെ മിന്നും പ്രകടനത്തിനാണു വാഴക്കുളം സാക്ഷ്യം വഹിച്ചത്. 14 വേദികളിലായി ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സിബിഎസ്ഇ സ്കൂളുകളില്‍ നിന്നുളള നാലായിരത്തോളം പ്രതിഭകള്‍ മാറ്റുരച്ചു. മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ചൂരത്തൊട്ടി, സംഘാടക സമിതി കോ-ഓര്‍ഡിനേറ്റര്‍മാരായ എം.എസ്. ബിജു, ജെയ്ബി കുരുവിത്തടം, ജിന്‍സി ജോര്‍ജ്, പിടിഎ പ്രസിഡന്റ് സി.വി. ജോണി തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
ഇന്നു വൈകിട്ട് 4.45ന് പ്രധാന വേദിയില്‍ നടക്കുന്ന സമാപന സമ്മേളനം കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും. സെന്‍ട്രല്‍ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിക്കും. സഹോദയ സെക്രട്ടറി ജൈന പോള്‍, പോള്‍ ചൂരത്തൊട്ടി, നിര്‍മല പബ്ലിക് സ്കൂള്‍ പ്രധാനധ്യാപിക സിസ്റ്റര്‍ ലിജിയ എഫ്സിസി, ആവോലി പഞ്ചായത്തംഗം രാജേഷ് പൊന്നുംപുരയിടം, പിടിഎ പ്രസിഡന്റ് സി.വി. ജോണി തുടങ്ങിയവര്‍ പ്രസംഗിക്കും. മിമിക്രി കലാകാരന് ജോബി പാലാ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.
കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ദേവിക
മൂവാറ്റുപുഴ: സിബിഎസ്ഇ സെന്‍ട്രല്‍ സഹോദയ സ്കൂള്‍ കലോത്സവത്തില്‍ ഇരട്ട നേട്ടവുമായി വി.എ. ദേവിക. ആറ്റുകാല്‍ അമ്മയായി വേദിയില്‍ എത്തി പരമേശ്വരി പുരം തീര്‍ത്തവള്‍ എന്ന ഗാനത്തിന് ചുവടു വച്ച് ഭരതനാട്യത്തിലും മൂകാംബിക ദേവിയായെത്തി കുച്ചുപ്പുടിയിലും ഒന്നാമതെത്തി. കാറ്റഗറി നാലില്‍ മൂന്നിനത്തില്‍ മത്സരിച്ച ദേവികയ്ക്ക് മോഹിനിയാട്ടത്തില്‍ രണ്ടാം സ്ഥാനമാണ്.
ഇതോടെ പാലക്കാട് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ ഈ മൂന്നിനങ്ങളിലും മത്സരിക്കാം. മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. മൂവാറ്റുപുഴ വേണാല്‍ പരേതനായ വി.ആര്. അജിയുടെയും സുജയുടെയും മകളാണ്. കലാമണ്ഡലം അഞ്ജലി സുനിയാണ് ഗുരു.
മാപ്പിളപ്പാട്ടില്‍ സ്റ്റീഫന്‍ ഹാട്രിക്
മൂവാറ്റുപുഴ: സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും എസ്. സ്റ്റീഫൻ മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം നിലനിർത്തി. ഒ.എം. കരുവാരക്കുണ്ടിന്റെ വരികളാണ് ഇക്കുറി വിജയത്തിലേക്ക് എത്തിച്ചത്. തൊടുപുഴ ജയറാണി പബ്ലിക് സ്കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയായ സ്റ്റീഫന്റെ ഗുരു സ്വന്തം അധ്യാപികയായ സിസ്റ്റര്‍ മേരി ആക്കപടിക്കലാണ്. തൊടുപുഴ ഒളമറ്റം പോളക്കുഴിയില് സജി പോള്‍ - ടിന്റു സജി ദമ്പതികളുടെ മകനാണ്.
വേദികളില്‍ ഇന്ന്
രാവിലെ 8.30 മുതല്‍
സെന്റ് മേരീസ് ഓഡിറ്റോറിയം- കോല്‍ക്കളി (ആണ്), ഒപ്പന
(പെണ്), ദഫ്മുട്ട് (ആണ്).
ഫാ. ജോസ് കോടമുള്ളില്‍
ഓഡിറ്റോറിയം ഗ്രൂപ്പ് ഡാന്‍സ് (പെണ്) കാറ്റഗറി 2,3.
സേക്രഡ് ഹാര്‍ട്ട് ബ്ലോക്ക്
ഗ്രൂപ്പ് സോംഗ്.
പ്രൈമറി ബ്ലോക്ക് സ്കൂള്‍
ഓഡിറ്റോറിയം ശാസ്ത്രീയ
സംഗീതം (പെണ്) കാറ്റഗറി 3,4. പ്രൈമറി ബ്ലോക്ക് സെക്കൻഡ് ഫ്ളോര്‍ ശാസ്ത്രീയ സംഗീതം (ആണ്) കാറ്റഗറി 3, 4.
എല്‍.കെ.ജി. ഡി ബ്ലോക്ക്
കഥാപ്രസംഗം (ഇംഗ്ലീഷ്)
കാറ്റഗറി 1.
പ്രൈമറി ബ്ലോക്ക് ഫസ്റ്റ് ഫ്ളോര്‍ കഥാപ്രസംഗം (ഇംഗ്ലീഷ്)
കാറ്റഗറി 3.
യുകെജി ബ്ലോക്ക് ഫസ്റ്റ് ഫളോര്‍ കഥാപ്രംസംഗം (ഹിന്ദി), ഹിന്ദി വ്യാഖ്യാനം കാറ്റഗറി 4. യുകെജി സെക്കൻഡ് ഫ്ളോര്‍ പ്രസംഗം
(മലയാളം) കാറ്റഗറി 1.
പ്രൈമറി ബ്ലോക്ക് ഫസ്റ്റ് ഫ്ളോര്‍ വയലിന് കാറ്റഗറി 3,4.