അറ്റകുറ്റപ്പണി: കുണ്ടന്നൂര്‍ പാലം ഇന്ന് മുതല്‍ അടച്ചിടും
1461224
Tuesday, October 15, 2024 5:48 AM IST
കൊച്ചി: ദേശീയപാത 966 ബി കുണ്ടന്നൂര്‍ ജംഗ്ഷന് മുതല്‍ സ്വിഫ്റ്റ് ജംഗ്ഷന് വരെ പൂര്‍ണമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് കുണ്ടന്നൂര്‍-തേവര പാലവും അലക്സാണ്ടര്‍ പറമ്പിത്തറ പാലങ്ങളും അടച്ചിടും. ഇതോടനുബന്ധിച്ച് ഇന്നു പുലര്‍ച്ചെ മുതല്‍ ഇവിടെ ഗതാഗതനിയന്ത്രണമുണ്ട്. പാലങ്ങളിലൂടെ ഇരുചക്രവാഹങ്ങളുള്പ്പെടെ കടത്തിവിടില്ല.
യാത്രികരുടെ ഏറെ നാളത്തെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നത്. വര്‍ഷങ്ങളായി പാലം ശോച്യാവസ്ഥയിലാണ്. പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാലത്തിലെ കുഴിയില്‍ വീണുണ്ടായ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പാലം അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങളും ഇവിടെ നടന്നിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ അറ്റകുറ്റപ്പണികള്‍ക്കായി പാലം രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു. പിന്നീട് പാലം ഉള്‍പ്പെടുന്ന റോഡിലെ ടാര്‍ മുഴുവന്‍ പൊളിച്ച് നവീകരിക്കാനായി സെപ്റ്റംബറിലും അടച്ചു. ഇതിന് ശേഷവും കുഴികള്‍ രൂപപ്പെട്ടതോടെയാണ് ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിരിക്കുന്നത്.
സ്റ്റോണ്‍ മാസ്റ്റിക് അസാള്‍ട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടാര്‍ ചെയ്യുന്നത്. പാലത്തിലെ ടാറിംഗ് മില്‍ ചെയ്ത് പൂര്‍ണമായും നീക്കിയ ശേഷമാകും പുതിയ ടാറിംഗ്.