കോളജ് പരിസരത്തെ കുറ്റിക്കാട്ടിൽ നിന്ന് 5.7 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
1535330
Saturday, March 22, 2025 4:06 AM IST
മൂന്നുപേർ ഓടി രക്ഷപ്പെട്ടു
പള്ളുരുത്തി: ഇടക്കൊച്ചിയിൽ സിയന്ന കോളജ് പരിസരത്തെ കുറ്റിക്കാട്ടിൽ നിന്ന് 5.7 കിലോ കഞ്ചാവുമായി ഇരുപതുകാരൻ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് സിയന്ന കോളജിന് സമീപം കോരമംഗലത്ത് വീട്ടിൽ റിഫിൻ റോക്സനെ (20) പോലീസ് പിടികൂടി. സിറ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പാണ് കഞ്ചാവ് പിടികൂടിയത്.
വലിയ രണ്ട് പായ്ക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് ചെറിയ പൊതികളാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. കഞ്ചാവുമായി നാലു പേർ ഉണ്ടായിരുന്നെങ്കിലും മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
സിറ്റി കമ്മീഷണർ പുട്ട വിമലാദിത്യ, ഡെപ്യൂട്ടി കമ്മീഷണർ അശ്വതി ജിജി, മട്ടാഞ്ചേരി അസി. കമ്മീഷണർ ഉമേഷ് ഗോയൽ എന്നിവരുടെ നേതൃത്വത്തിൽ പള്ളുരുത്തി എസ്എച്ച്ഒ രതീഷ് ഗോപാൽ, എസ്ഐ മാരായ സന്തോഷ്, ശിവകുമാർ, സിപിഒമാരായ വിപിൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.