ചോറ്റാനിക്കരയിൽ ലൈഫ് വീടുകൾക്കായി രണ്ടു കോടി
1535347
Saturday, March 22, 2025 4:17 AM IST
ചോറ്റാനിക്കര: ബഡ്സ് സ്കൂൾ നിർമാണത്തിന് 10ലക്ഷവും 50 ലൈഫ് വീടുകൾക്കായി രണ്ടു കോടി രൂപയും വകയിരുത്തി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ബജറ്റ്.
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നിർമാണ പ്രവർത്തനങ്ങൾക്ക് 10ലക്ഷവും ഓപ്പൺ ജിമ്മിന് 20 ലക്ഷവും വി. രവീന്ദ്രൻ മെമ്മോറിയൽ സ്പോർട്സ് അക്കാദമിക്ക് മൂന്നു ലക്ഷവും സാംസ്കാരിക കേന്ദ്രത്തിന് 10 ലക്ഷവും അടിയാക്കൽ തോട് ബോട്ടിംഗ് ടൂറിസത്തിന് ഏഴു ലക്ഷവും സിഎസ്ആർ ഫണ്ടും വകയിരുത്തി.
പകൽവീട്, വയോപാർക്കിനായി15 ലക്ഷവും അങ്കണവാടികൾക്ക് സ്ഥലത്തിനായി 15ലക്ഷവും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ചോറ്റാനിക്കര ഫെസ്റ്റ്, എഐ പരിശീലനം, 1000 കിണറുകൾ റീചാർജിംഗ്, ഇനോക്കുലം മാന്യുവർ നിർമാണ യൂണിറ്റ്, ഡയപ്പർ കത്തിക്കുന്ന ഇൻസിനറേറ്റർ തുടങ്ങിയവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
20,15,73,723 രൂപ വരവും 19,91,91,658 രൂപ ചെലവും 23,82,065 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് അവതരിപ്പിച്ചു. പ്രസിഡന്റ് എം.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. ചർച്ചയ്ക്ക് ശേഷം ബജറ്റ് ഐക്യകണ്ഠേന അംഗീകരിച്ചു.