മെട്രോഭൂമി കൈയേറി ലോട്ടറിക്കച്ചവടം: ഒഴിപ്പിക്കാനാകാതെ പോലീസും നഗരസഭാ ഉദ്യോഗസ്ഥരും
1535594
Sunday, March 23, 2025 4:11 AM IST
ആലുവ: കൊച്ചി മെട്രോയുടെ സ്ഥലം കൈയേറി സിഐടിയു കൊടികെട്ടി സ്ഥാപിച്ച ലോട്ടറി തട്ടുകൾ ഒഴിപ്പിക്കാനാകാതെ പോലീസ് സന്നാഹത്തിലെത്തിയ ദേശീയപാതാ അഥോറിറ്റി, ആലുവ നഗരസഭ ഉദ്യോഗസ്ഥർ നിരാശരായി മടങ്ങി. സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം തർക്കവും ബഹളവും നടന്നു.
സ്ഥലം നഗരസഭയുടേതോ ദേശീയപാത അഥോറിറ്റിയുടേതോ അല്ലെന്നും ഒഴിപ്പിക്കാൻ ആർക്കും അധികാരമില്ലെന്നുമാണ് ലോട്ടറി കച്ചവടക്കാരുടെ നിലപാട്. ഇതിനിടയിൽ സിഐടിയു യൂണിയൻ ഇന്നലെ കെട്ടിയ കൊടികൾ അഴിച്ചുമാറ്റി. ഇന്നലെ ആലുവ നഗരസഭ ആരോഗ്യവിഭാഗവും ദേശീയപാതാ അഥോറിറ്റിയും സംയുക്തമായാണ് കൈയേറ്റം ഒഴിപ്പിക്കാനെത്തിയത്. പോലീസ് സഹായവും തേടിയിരുന്നു.
കൂടുതൽ പോലീസിനെ നിയോഗിച്ച് സ്ഥലം കൈയേറ്റം ഒഴിപ്പിക്കണമെന്നാശ്യപ്പെട്ട് നഗരസഭ സെക്രട്ടറി ജില്ലാ കളക്ടർക്ക് കത്തു നൽകി. പോലീസ് നിഷ്ക്രീയമായിരുന്നുവെന്ന് നഗരസഭാ ചെയർമാൻ എം.ഒ. ജോൺ കുറ്റപ്പെടുത്തി. ജില്ലാ പോലീസ് മേധാവി, ഡിവൈഎസ്പി എന്നിവരെ നഗരസഭ പ്രതിഷേധം അറിയിച്ചതായും ചെയർമാൻ പറഞ്ഞു.
മെട്രോ നിർമാണത്തിനായി കെഎംആർഎൽ ഏറ്റെടുത്ത ഭൂമിയിൽ വെള്ളിയാഴ്ച സ്ഥലം കൈയേറിയാണ് എട്ട് ലോട്ടറി തട്ടുകൾ അനധികൃതമായി സ്ഥാപിച്ചത്. പില്ലർ നമ്പർ 22 ന് സമീപമുള്ള ഒരു കോടി രൂപ വിലവരുന്ന ഭൂമിയാണിത്.